കെ.ജെ. ഷൈൻ Source: Facebook
KERALA

അപവാദ പ്രചാരണ കേസിൽ കൂടുതൽ പേർക്കെതിരെ പരാതി നൽകി കെ.ജെ. ഷൈൻ; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് എം.എസ്. റെജിക്കെതിരെയാണ് കെ.ജെ. ഷൈൻ ഒടുവിൽ പരാതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള തനിക്കെതിരായ അപവാദ പ്രചാരണത്തിൽ കൂടുതൽ പേർക്കെതിരെ പരാതി നൽകി സിപിഐഎം നേതാവ് കെ.ജെ. ഷൈൻ. കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് എം.എസ്. റെജിക്കെതിരെയാണ് കെ.ജെ. ഷൈൻ ഒടുവിൽ പരാതി നൽകിയത്.

ഇയാളെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. ഷൈൻ ആലുവ റൂറൽ സൈബർ പൊലീസിന് പരാതി നൽകി. ലൈംഗിക ചുവയുള്ള സൈബർ ആക്രമണത്തെ കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് അടിസ്ഥാനമില്ലാതെ സാധൂകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നതായി ഷൈൻ പരാതിയിൽ പറയുന്നു.

അതേസമയം, ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കെ.എം. ഷാജഹാൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഐഫോൺ കണ്ടെടുത്തു. കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ പ്രതികളായ മൂന്ന് പേർക്കും ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കെ.എം. ഷാജഹാൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് എത്തിയത്. എറണാകുളം റൂറൽ സൈബർ ടീമും നോർത്ത് പറവൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഐഫോൺ കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും രണ്ടാം പ്രതിയായ ഷാജഹാന് നോട്ടീസ് നൽകി.

കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ പ്രതികളായിട്ടുള്ള മൂന്നു പേരുടെയും വീട്ടിൽ അന്വേഷണസംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. കേസിലെ ഒന്നാംപ്രതി പറവൂരിലെ കോൺഗ്രസ് പ്രാദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണൻ്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. നിലവിൽ ഒളിവിലുള്ള സി.കെ. ഗോപാലകൃഷ്ണനോട് ചോദ്യം ചെയ്യലിന് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് തനിക്കെതിരായ വ്യാജ പ്രചരണം ആരംഭിച്ചതെന്ന് കെ.ജെ. ഷൈൻ നേരത്തെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറമേ മലപ്പുറം എടപ്പാൾ സ്വദേശിയായ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിൻ്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. വിദേശത്തുള്ള ഇയാളോടും നാളെ ചോദ്യം ചെയ്യുന്ന ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT