അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് സിപിഐഎം നേതാവ് കെ.ജെ. ഷൈൻ. പ്രതിപക്ഷ നേതാവിന്റെ പിന്തുണ താൻ പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പ്രവർത്തകരാണ് അപവാദപ്രചാരണത്തിന് തുടക്കം ഇട്ടതെന്നും ഷൈൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ആദ്യമായി തനിക്കെതിരെ ഇത്തരമൊരു പ്രചാരണം വരുന്നുവെന്ന് അറിയിച്ചത് നല്ലൊരു കോൺഗ്രസുകാരനാണ്. ഇത്തരത്തിലൊരു പ്രചാരണം കോൺഗ്രസിൻ്റെ ഗൂഢാലോചനയിൽ നിന്ന് ഉണ്ടായതാണ്. ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വലതുപക്ഷ ഹാൻഡിലുകളിൽ നിന്ന് അപവാദപ്രചാരണത്തിൻ്റെ ഡോസ് കൂടി കൂടി വരികയാണ്. കോൺഗ്രസ് നേതൃത്വത്തിലെ മുഴുവൻ പേരും മോശക്കാരാണെന്ന ധാരണ തനിക്കില്ല. എന്നാൽ, മോശക്കാരായ കൂടുതൽ പേർ ഉയർന്നുവരുന്നുവെന്നത് വലിയ ആശങ്കയാണ്. നിയമനടപടിയുമായി മുന്നോട്ട് തന്നെ പോകുകയാണെന്നും ഷൈൻ പറഞ്ഞു.
കെ.ജെ. ഷൈന് എതിരായ അപവാദപ്രചാരണത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് എന്തുവന്നാലും എന്റെ നെഞ്ചത്തോട്ട് കൊണ്ടുവരുന്നത് എന്തിനാണെന്ന് ചോദിച്ചു. ഇത് പുറത്തുവന്നത് എങ്ങനെയെന്ന് സിപിഐഎം ഹാൻഡിലുകൾ അന്വേഷിക്കട്ടെയെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
അതേസമയം, കെ.ജെ. ഷൈന് എതിരായ അപവാദപ്രചാരണ പോസ്റ്റുകൾ മുക്കി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും സൈബർ ഹാൻഡിലുകളും. നിയമ നടപടിക്ക് പിന്നാലെയാണ് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് തുടങ്ങിയത്. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയേയും കെ.ജെ. ഷൈനേയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് ഡിലീറ്റ് ചെയ്തത്.