KERALA

"പാര്‍ലമെന്ററി വ്യാമോഹം, യുഡിഎഫുമായി ചേര്‍ന്ന് രാഷ്ടീയ വഞ്ചന കാട്ടുന്നു"; ടി.കെ. ഗോവിന്ദനെതിരെ കെ.കെ. രാഗേഷും എം.വി. ജയരാജനും

പാര്‍ട്ടിയെ തിരുത്താനാണ് എന്ന് പറഞ്ഞ് ശത്രുവിനൊപ്പം നില്‍ക്കുന്നവര്‍ എങ്ങനെയാണ് പാര്‍ട്ടിയെ തിരുത്തുകയെന്നും എം.വി. ജയരാജൻ

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: ടി.കെ. ഗോവിന്ദനെതിരെ കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പാര്‍ട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്തിരിക്കുകയാണ്. പച്ചനുണകളാണ് പാര്‍ട്ടിക്കെതിരെ പറഞ്ഞതെന്നും കെ.കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള അതൃപ്തിയില്‍ പുകഞ്ഞാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും ബന്ധുത്വം നോക്കിയല്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

പി.കെ. ശ്യാമള മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗമാണ്. രണ്ട് വനിതകളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി കണ്ണൂരില്‍ തീരുമാനിച്ചതാണ്. യഥാര്‍ഥത്തില്‍ ടി.കെ. ഗോവിന്ദന്റെ പ്രശ്‌നമെന്താണ്? അദ്ദേഹത്തിന് പാര്‍ലമെന്ററി മോഹമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ ടി.കെ. ഗോവിന്ദന്റെ പേര് പറഞ്ഞത് അദ്ദേഹം തന്നെയാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ടി.കെ ഗോവിന്ദന്‍ മാഷിന് പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്ന് അറിയില്ലായിരുന്നു. പാര്‍ലമെന്ററി ത്വരയാണ് അദ്ദേഹത്തിനെന്നും കെകെ രാഗേഷ് പറഞ്ഞു.

പ്രത്യേക മണ്ഡലങ്ങളില്‍ മാത്രം മത്സര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതി എന്നാണ് പാര്‍ട്ടി ചര്‍ച്ച ചെയ്തത്. ടി.കെ. ഗോവിന്ദന്‍ സണ്ണി ജോസഫിനും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്യുന്നു. ടി.കെ. ഗോവിന്ദന്‍ യുഡിഎഫുമായി ഒത്തുകളിക്കുന്നു. വ്യക്തിഹത്യയും നുണ പ്രചരണവും പാര്‍ട്ടിയെ ബാധിക്കില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

പ്രവാസി സാജന്റെ ആത്മഹത്യയെയും പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ ഉപയോഗിച്ചു. അത് പിന്നീട് തെറ്റാണെന്ന് വ്യക്തമായി. കെട്ടിച്ചമച്ച കഥയുമായി പികെ ശ്യാമളയെ ആക്ഷേപിച്ചു. ഒരു ജനപ്രതിനിധി മാത്രം വിചാരിച്ചാല്‍ അനുമതി കിട്ടില്ല. അത് ഉദ്യോഗസ്ഥരുടെ തീരുമാനമാണ്. ഇത് തെറ്റാണ് എന്ന് തെളിഞ്ഞു. ഹാപ്പിനെസ് ഫെസ്റ്റിവല്‍ എല്ലാം സുതാര്യമായാണ് നടത്തിയത്. എന്നിട്ടും അതില്‍ പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയുടെ മകനെ പോലും ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. ടികെ ഗോവിന്ദന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചെളിക്കുണ്ടില്‍ വീണിരിക്കുന്നു. പാര്‍ട്ടി നിരവധി പദവികള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. അധികാര മോഹം തലയ്ക്ക് പിടിച്ച അവസരവാദ നിലപാട് സ്വീകരിക്കുകയാണെന്നും ടി.കെ. ഗോവിന്ദനെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറത്താക്കിയെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹാപ്പിനെസ് ഫെസ്റ്റിവല്‍ കണക്കുകള്‍ സുതാര്യമാണെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. ഐടി വകുപ്പ് ഉള്‍പ്പെടെ പരിശോധിച്ചതാണ്. സാജന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പി.കെ ശ്യാമളയ്ക്ക് ഒരു തരത്തിലും ഈ കാര്യത്തില്‍ പങ്കില്ല എന്ന് വ്യക്തമായതായി തെളിഞ്ഞതാണ്. വസ്തുത ഇതായിരിക്കെ പി.കെ. ശ്യാമളയ്‌ക്കെതിരെ ആക്ഷേപമുന്നയിക്കുകയാണ് നിലവില്‍ ടി.കെ ഗോവിന്ദന്‍. പച്ച കള്ളം പറയുകയാണ്. പാര്‍ട്ടി ഒരു നടപടിയും ഒരു ഘട്ടത്തിലും പി.കെ. ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആലോചിച്ചിട്ടില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. മലപ്പട്ടത്ത് ഈ വര്‍ഗവഞ്ചകനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത് ടി.കെ ഗോവിന്ദന്റെ ബന്ധുക്കള്‍ ഉള്‍പ്പടെയാണ്.

സ്ഥാനാര്‍ത്ഥി മോഹമുണ്ടെന്ന് പരസ്യമായി പറഞ്ഞയാളാണ് ടി.കെ. ഗോവിന്ദന്‍ മാഷ്. അര്‍ഹതയില്‍ കൂടുതല്‍ പദവി ലഭിച്ചയാളാണ് ടി.കെ ഗോവിന്ദന്‍. പല്ലില്‍ കുത്തി നാറ്റിക്കുകയാണ്. യുഡിഎഫുമായി ചേര്‍ന്ന് രാഷ്ടീയ വഞ്ചന കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് അപമാനിച്ച ടി.കെ. ഗോവിന്ദന്‍ ഇന്ന് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലാണ്. മലപ്പട്ടം എന്ന നാടിനെ അപമാനിച്ചയാളാണ് ടി.കെ. ഗോവിന്ദന്‍. പാര്‍ട്ടിയെ തിരുത്താനാണ് എന്ന് പറഞ്ഞ് ശത്രുവിനൊപ്പം നില്‍ക്കുന്നവര്‍ എങ്ങനെയാണ് പാര്‍ട്ടിയെ തിരുത്തുക. പാര്‍ട്ടിയെ വാര്‍ത്താസമ്മേളനം നടത്തി വെല്ലുവിളിക്കരുതെന്നും പാര്‍ട്ടിയെ ആക്ഷേപിക്കരുതെന്നും പലതവണ അഭ്യര്‍ഥിച്ചതാണ്.

പി. ജയരാജനെ ഒതുക്കിയെന്ന ആരോപണത്തോടും എംവി ജയരാജന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് പാര്‍ട്ടി തീരുമാനമാണ്. മറ്റൊരു തീരുമാനങ്ങളുമില്ല. പിപി ദിവ്യക്കും ശ്യാമളയ്ക്കും രണ്ട് നീതിയെന്ന് പറയുന്നത് ശരിയല്ല. ദിവ്യ പ്രതിചേര്‍ക്കപ്പെട്ടയാള്‍. ജെയിംസ് മാത്യു പ്രതിചേര്‍ക്കപ്പെട്ട സാഹചര്യമല്ല ദിവ്യയുടേത്. ഇരട്ട നീതി ഒരു കാര്യത്തിലും സ്വീകരിച്ചിട്ടില്ല. രണ്ടും രണ്ടാണ്. ശത്രുവായി പോയ ആള്‍ സംവാദത്തിന് വിളിച്ചത് തന്നെ അത്ഭുതം. പാര്‍ട്ടിയില്‍നിന്ന് പോയത് തെറ്റാണ് എന്ന് സമ്മതിച്ചാല്‍ സംവാദത്തിന് തയ്യാറാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ സംഘാടക സമിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുമുണ്ടായിരുന്നു. ടികെ ഗോവിന്ദജന്റേത് സ്ഥാനാര്‍ഥി മോഹമാണ്. കുഞ്ഞികൃഷ്ണന് 'മധു' (ടിഐ മധുസൂദനന്‍) വിരോധവും. കോണ്‍ഗ്രസില്‍ പോകാനാണ് ടി.കെ. ഗോവിന്ദന്‍ കണക്കുകള്‍ തെറ്റാണന്ന് പറയുന്നത്. തളിപ്പറമ്പില്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ പുറപ്പെട്ടാല്‍ വിശദീകരണം ഇല്ലാതെ പുറത്താക്കുമെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

SCROLL FOR NEXT