KERALA

നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ: കെ.കെ. രാഗേഷ്

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്ട്രാറ്റർജിക്ക് വോട്ടിങ് നടന്നുവെന്നും കെ.കെ. രാഗേഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും തെരഞ്ഞെടുപ്പിൽ മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു. മതവും പള്ളിയും നോക്കി വോട്ട് ചെയ്യണമെന്ന് ഇരുവരും പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്ട്രാറ്റർജിക്ക് വോട്ടിങ് നടന്നുവെന്നും പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ ആണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പാർലമെൻറ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കിട്ടിയ പതിനായിരത്തോളം വോട്ടുകളും ഈ തെരഞ്ഞെടുപ്പിൽ കാണാനില്ല. അതെല്ലാം പേരാവൂരിൽ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്കാണ് പോയത്. തോൽവിയുടെ കാരണം പലരും പലതും പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പിൽ വർഗീയ ഇടപെടൽ നടന്നെന്നും കല്യാശ്ശേരിയിൽ സംഘടിപ്പിച്ച നായനാർ അനുസ്മരണ സമ്മേളന വേദിയിൽ കെ.കെ. രാഗേഷ് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ ജില്ലാ നേതൃയോഗങ്ങൾ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് പരാജയ കാരണം ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് കാരണമെന്ന് സൂചിപ്പിച്ചുള്ള രാഗേഷിന്റെ പ്രസംഗം. അതിനിടെ ന്യൂനപക്ഷവർഗീയതയ്ക്കെതിരെ രാഗേഷ് പറഞ്ഞ കാര്യം ഒരു വിഭാഗത്തിന് എതിരെ എന്നാക്കി മാറ്റാൻ ശ്രമം നടക്കുന്നെന്ന് പിണറായി വിജയൻ ആരോപിച്ചു.

വർഗീയതയെ എതിർക്കുക എന്നത് മതത്തെ എതിർക്കുക എന്നതല്ലെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാൻ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ പി. ജയരാജൻ്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടയിലായിരുന്നു പിണറായി വിജയന്റെ പരാമർശം.

SCROLL FOR NEXT