കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി തുറന്ന കത്തയച്ച സാമ്പത്തിക സമൂഹ്യ വിദഗ്ധര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ഷാഹിന കെ.കെ. ഗ്രാമ സഭകളില്‍ ചര്‍ച്ച ചെയ്ത്, അതിദരിദ്രരെ കണ്ടെത്തുന്നത് മുതലുള്ള ഓരോ ഘട്ടത്തിലും അതിന്റെ മെത്തഡോളജി പ്രസിദ്ധീകരിച്ച്, വാര്‍ത്താ കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നടന്നു വന്ന ഒരു പ്രവര്‍ത്തനമാണിതെന്നും ഈ ഘട്ടത്തില്‍ ഒന്നും ആരും ഒരു ചോദ്യമോ വിമര്‍ശനമോ ഉന്നയിച്ചില്ലെന്നും കെ.കെ. ഷാഹിന ചൂണ്ടിക്കാട്ടുന്നു.
വിദഗ്ധര്‍ എന്ന പേരില്‍ ഒപ്പിട്ടിരിക്കുന്നവര്‍ പത്രം വായിക്കാറോ വാര്‍ത്ത കാണാറോ ഇല്ല. വിമര്‍ശിക്കാന്‍ പോയിട്ട് നാല് പോയിന്റ് കിട്ടാന്‍ വേണ്ടി പോലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളോ ഉത്തരവുകളോ നോക്കാറില്ലെന്നും ഷാഹിന കെ.കെ. വിമര്‍ശിക്കുന്നു.
രേഖകള്‍ ഉണ്ടെങ്കിലും, ഭൂമിയോ നല്ല വീടോ സ്വന്തമായി ഉണ്ടെങ്കിലും അതിദരിദ്രര്‍ ആയിരിക്കുന്ന അവസ്ഥയുണ്ട് എന്ന് ഈ വിദഗ്ധര്‍ക്കറിയില്ല. രോഗം മൂലമോ, വീട്ടില്‍ കിടപ്പ് രോഗികള്‍ ഉള്ളത് കൊണ്ടോ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത, ജോലി ചെയ്യാന്‍ കഴിയാത്ത, പരസഹായം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത മനുഷ്യര്‍ ഈ നാട്ടിലുണ്ട് എന്ന് ഈ വിദഗ്ധര്‍ക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.
എങ്ങനെയാണ് അതിദരിദ്രരെ കണ്ടെത്തിയതെന്ന സര്‍ക്കാരിന്റെ വിശദീകരണം ഒന്ന് വായിച്ചു നോക്കാന്‍ എങ്കിലും മെനക്കെട്ടിരുന്നുവെങ്കില്‍ ഇങ്ങനെ നാണം കെടേണ്ടി വരില്ലായിരുന്നു. അതി ദാരിദ്ര്യം തുടച്ച് നീക്കാം. അതി വൈദഗ്ധ്യം പക്ഷേ ഇത്തിരി ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിദഗ്ധര്‍ എഴുതിയ കത്ത് ഇന്നാണ് കണ്ടത്. അതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ഇന്നലെ കണ്ടിരുന്നുവെങ്കിലും. കഴിഞ്ഞ നാലര വര്‍ഷമായി നടന്നു വന്ന അതി വിപുലമായ ഒരു പ്രോസസ്സ്. UDF ഭരിക്കുന്നതടക്കമുള്ള വാര്‍ഡ് തല ഭരണ സമിതികളെയും പങ്കെടുപ്പിച്ച്, ഗ്രാമ സഭകളില്‍ ചര്‍ച്ച ചെയ്ത്, അതിദരിദ്രരെ കണ്ടെത്തുന്നത് മുതലുള്ള ഓരോ ഘട്ടത്തിലും അതിന്റെ മെത്തഡോളജി പ്രസിദ്ധീകരിച്ച്, വാര്‍ത്താ കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നടന്നു വന്ന ഒരു പ്രവര്‍ത്തനം.
ഈ ഘട്ടത്തിലൊന്നും ഈ വിദഗ്ധര്‍ ആരും ഒരു ചോദ്യമോ വിമര്‍ശനമോ ഉന്നയിച്ചില്ല. ഒരക്ഷരം മിണ്ടിയില്ല. എനിക്ക് മനസ്സിലായ കാര്യങ്ങള്‍. വിദഗ്ധര്‍ എന്ന പേരില്‍ ആ ഒപ്പിട്ടിരിക്കുന്നവര്‍ പത്രം വായിക്കാറില്ല, വാര്‍ത്ത കാണാറില്ല. വിമര്‍ശിക്കാന്‍ നാല് പോയിന്റ് കിട്ടാന്‍ വേണ്ടി പോലും സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ഗവണ്‍മെന്റ് ഉത്തരവുകള്‍ നോക്കുകയോ ചെയ്യാറില്ല.
എന്നെ ഹഠാദാകര്‍ഷിച്ച കാര്യം, ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം ഇവര്‍ക്കറിയില്ല എന്നതാണ്. സര്‍ക്കാര്‍ കണ്ടെത്തിയ 64000 കുടുംബങ്ങള്‍ ഏത് കേന്ദ്ര പദ്ധതിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന മില്യന്‍ ഡോളര്‍ ചോദ്യം ഈ വിദഗ്ധര്‍ ചോദിച്ചിട്ടുണ്ട്. ഒരു പദ്ധതിയിലും ഉള്‍പ്പെടാത്ത, ഒരു രേഖയുമില്ലാത്ത തികച്ചും അദൃശ്യരായ മനുഷ്യര്‍ ഈ നാട്ടിലുണ്ട് എന്നവര്‍ക്ക് അറിയില്ല.
രേഖകള്‍ ഉണ്ടെങ്കിലും, ഭൂമിയോ നല്ല വീടോ സ്വന്തമായി ഉണ്ടെങ്കിലും അതിദരിദ്രര്‍ ആയിരിക്കുന്ന അവസ്ഥയുണ്ട് എന്ന് ഈ വിദഗ്ധര്‍ക്കറിയില്ല. രോഗം മൂലമോ, വീട്ടില്‍ കിടപ്പ് രോഗികള്‍ ഉള്ളത് കൊണ്ടോ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത, ജോലി ചെയ്യാന്‍ കഴിയാത്ത, പരസഹായം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത മനുഷ്യര്‍ ഈ നാട്ടിലുണ്ട് എന്ന് ഈ വിദഗ്ധര്‍ക്കറിയില്ല. അവര്‍ യൂണിയന്‍ സര്‍ക്കാരിന്റെ അതിദരിദ്രരുടെ കണക്കെടുപ്പില്‍ വരില്ല എന്നും ഈ വിദഗ്ധക്കറിയില്ല.
ഇങ്ങനെ ഒരു കത്ത് എഴുതിയത് നന്നായി. ഇവരുടെയൊക്കെ എലിറ്റിസത്തിന്റെയും അജ്ഞതയുടെയും ലെവല്‍ നാട്ടുകാര്‍ക്ക് മനസ്സിലായി. യൂണിയന്‍ സര്‍ക്കാര്‍ അതിദരിദ്രരെ നിര്‍ണയിക്കുന്ന മാനദണ്ഡം വെച്ചല്ല ഈ പ്രക്രിയ നടന്നിട്ടുള്ളത് എന്ന് ഈ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എങ്ങനെയാണ് അതിദരിദ്രരെ കണ്ടെത്തിയതെന്ന സര്‍ക്കാരിന്റെ വിശദീകരണം ഒന്ന് വായിച്ചു നോക്കാന്‍ എങ്കിലും മെനക്കെട്ടിരുന്നുവെങ്കില്‍ ഇങ്ങനെ നാണം കെടേണ്ടി വരില്ലായിരുന്നു. ഇങ്ങനെ exposed ആവില്ലായിരുന്നു.
പിന്നെ, പ്രിയ വിദഗ്ധര്‍ ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നത് നിര്‍ത്തണം. യൂണിയന്‍ സര്‍ക്കാര്‍ ആണ്, യൂണിയന്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരല്ല. It is something very basic about our battle to protect Federali-sm. അതി ദാരിദ്ര്യം തുടച്ച് നീക്കാം. അതി വൈദഗ്ധ്യം പക്ഷേ ഇച്ചിരി ബുദ്ധിമുട്ടാണ്. വിദഗ്ധര്‍ എന്ന് ഇങ്ങനെയല്ല എഴുതേണ്ടത് എന്നറിയാം. എന്റെ ഫോണില്‍ ഇങ്ങനെയേ പറ്റുന്നുള്ളൂ. പിന്നെ ആ ഒപ്പിട്ട വിദഗ്ധര്‍ക്ക് ഇത്രയൊക്കെ മതി.