KERALA

പേരാവൂരിൽ കെ.കെ. ശൈലജ തന്നെ; തളിപ്പറമ്പിൽ പി.കെ. ശ്യാമളയും പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനും മത്സരിക്കും

കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് പുതുക്കി നൽകിയ പട്ടികയിൽ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഐഎം സ്ഥാനാർഥി ചിത്രം തെളിയുന്നു. പേരാവൂർ നിയോജക മണ്ഡലത്തിൽ കെ.കെ. ശൈലജയും തളിപ്പറമ്പിൽ പി.കെ. ശ്യാമളയും പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് പുതുക്കി നൽകിയ പട്ടികയിലാണ് മൂവരുടെയും പേര് നിർദേശിച്ചത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചിയിച്ചത്. യുഡിഎഫിന്റെ കോട്ടയായ പേരാവൂർ ഒരിക്കൽ മാത്രമാ എൽഡിഎഫിന് പിടിക്കാൻ കഴി‍ഞ്ഞിരുന്നുള്ളു. 2006ലാണ് ഇവിടെ ആദ്യമായി എൽഡിഎഫ് വിജയിച്ചത്. അന്ന് കെ.കെ. ശൈലജയായിരുന്നു വിജയിച്ചത്. പിന്നിട് 2011ൽ ശൈലജയെ പരാജയപ്പെടുത്തി സണ്ണി ജോസഫാണ് കഴിഞ്ഞ മൂന്ന് ടേമായി പേരാവൂരിൽ നിന്ന് വിജയിക്കുന്നത്.

അതേസമയം, പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം മറികടന്നാണ് തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനമെടുത്തത്. പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ അണികളും അനുഭാവികളും വലിയ രീതിയിലുള്ള എതിർപ്പുകൾ ഉന്നയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി തന്നെയായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചതും. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയത് എന്നടക്കമുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്.

കേരളാ കോൺ​ഗ്രസ് എം ആവശ്യപ്പെട്ട പേരാമ്പ്ര സീറ്റിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം. പതിമൂന്നാമത്തെ സീറ്റായ കുറ്റ്യാടിക്ക് പകരം കേരളാ കോൺ​ഗ്രസ് ആവശ്യപ്പെട്ട സീറ്റായിരുന്നു പേരാമ്പ്ര. ഇതോടെ 12 സീറ്റുകളിൽ തന്നെയാകും ഇത്തവണ കേരളാ കോൺ​ഗ്രസ് എം മത്സരിക്കുക.

SCROLL FOR NEXT