Source: News Malayalam 24x7
KERALA

സ്വർണക്കൊള്ളയെ പ്രതിരോധിക്കാൻ മുന്നിൽ; ശൈലജയെ കളത്തിലിറക്കിയത് തെരഞ്ഞെടുപ്പ് സ്ട്രാറ്റജി?

മാധ്യമങ്ങളോട് സംസാരിക്കാൻ കെ.കെ. ശൈലജയെ നിയോഗിച്ചതിനെ സിപിഐഎമ്മിൻ്റെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നതിനു കാരണമുണ്ട്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ പ്രതിഷേധിച്ച ദിവസമായിരുന്നു ഇന്ന്. സാധാരണ സഭ സ്തംഭിപ്പിച്ചു സമരം ചെയ്ത ശേഷം പുറത്തെത്തി മാധ്യമങ്ങളോടു സംസാരിക്കാറുള്ളത് പ്രതിപക്ഷമാണ്. ഇന്ന് അവരെ ‘വെട്ടി’ ആദ്യം മാധ്യമങ്ങളെ കണ്ടത് ഭരണപക്ഷമാണ്. ഇതിൽ കെ.കെ. ശൈലജയുടെ സാന്നിധ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ചർച്ചയാക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കാൻ കെ.കെ. ശൈലജയെ നിയോഗിച്ചതിനെ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നതിനു കാരണമുണ്ട്. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ നിന്ന് നയിക്കുമെന്ന് പാർട്ടി സെക്രട്ടറി അടക്കം പരസ്യമായി പ്രഖ്യാപിക്കുമ്പോഴും കേരളത്തിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെ.കെ. ശൈലജയുടെ പേര് ഉയർത്തിക്കാട്ടാനുള്ള ഒരുക്കം ആരംഭിച്ചതിൻ്റെ സൂചനയായി വേണം ഇന്നത്തെ നീക്കത്തെ കരുതാൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

സിപിഐഎമ്മിൽ ഇത്തവണ ടേം വ്യവസ്ഥ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായ സമയത്താണ് ശൈലജയെ ഉയർത്തിക്കാട്ടിയുള്ള ഭരണപക്ഷ നീക്കം. എം.വി. ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ, പിണറായി കൂടി മത്സരിക്കാതിരിക്കുകയും ശൈലജ മത്സരിക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിന് വേറെ വിശദീകരണം വേണ്ടി വരില്ലെന്നാണ് സിപിഐഎം കേന്ദ്രങ്ങൾ കരുതുന്നത്.

SCROLL FOR NEXT