KERALA

കെ.എം. ബഷീറിന്റെ മരണം: ആഭ്യന്തര വകുപ്പ് തീരുമാനം അട്ടിമറിച്ചു; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സമസ്ത എപി വിഭാഗം

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടാണ് പ്രത്യേക അഭിഭാഷകനെ നിയമിക്കാനുള്ള തീരുമാനം അട്ടിമറിച്ചതെന്ന് ആരോപണം

Author : ന്യൂസ് ഡെസ്ക്

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണവുമായി സമസ്ത എപി വിഭാഗം. ഇരുവരും ഇടപെട്ടാണ് പ്രത്യേക അഭിഭാഷകനെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പ് തീരുമാനം അട്ടിമറിച്ചത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ഐഎഎസ് ലോബിയുടെ സമ്മര്‍ദമാണ് പിന്നിലെന്നുമാണ് ആരോപണം.

കെ.എം. ബഷീർ കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ നടക്കുന്ന നീക്കങ്ങളിൽ ഒടുവിലത്തേതാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം വേണ്ടെന്ന സർക്കാർ ഉത്തരവെന്നാണ് പ്രധാന ആരോപണം. ആഭ്യന്തര വകുപ്പും അഡ്വക്കേറ്റ് ജനറലും ഉൾപ്പെടെ അംഗീകരിച്ച നിയമനം, അവസാന നിമിഷം അട്ടിമറിച്ചത് ചീഫ് സെക്രട്ടറി നേരിട്ട് ഇടപെട്ടാണെന്നും സിറാജ് ദിനപത്രം ഡയറക്ടർ സെയ്ഫുദ്ദീൻ ഹാജി ആരോപിച്ചു.

അമ്മയോ, ഭാര്യയോ അടക്കമുള്ള അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സാധാരണ അനുവദിക്കാറുണ്ട്. ആഭ്യന്തരവകുപ്പ് അംഗീകരിച്ചിട്ടും ചീഫ് സെക്രട്ടറി ഇടപെട്ട് പ്രത്യേക അഭിഭാഷകനെ വേണ്ടെന്ന് ഉത്തരവ് ഇറക്കുന്നത് അസാധാരണമാണ്. പ്രത്യേക അഭിഭാഷകനെ നിയമിക്കണമെന്ന ബഷീറിന്റെ ഭാര്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട ഫയല്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി. പിന്നാലെ എതിരഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ആവശ്യം നിരാകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരാണ് അട്ടിമറിക്ക് പിന്നിലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിസഹായനാണെന്നും സെയ്ഫുദ്ദീൻ ഹാജി ആരോപിച്ചു.

പ്രതി ശ്രീറാം വെങ്കിട്ടരാമനു വേണ്ടി അഡ്വ. ബി. രാമൻപിള്ള ഉൾപ്പെടെ പ്രഗത്ഭരായ അഭിഭാഷകർ ഹാജരാകുമ്പോൾ കേവലം ഒന്നര വർഷം മാത്രം പബ്ലിക് പ്രോസിക്യൂട്ടറായി പ്രവൃത്തിപരിചയുള്ള അഭിഭാഷകനെയാണ് നിലവിൽ നിയമിച്ചിരിക്കുന്നത്. ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കേരള മുസ്ലീം ജമാഅത്ത് തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ആവശ്യമെങ്കില്‍ ബഷീറിന്റെ വിധവയും മക്കളും സമരത്തിന് തയ്യാറാണെന്നും സെയ്ഫുദ്ദീൻ ഹാജി അറിയിച്ചു.

SCROLL FOR NEXT