കെ.എൻ. ആനന്ദകുമാർ Source: News Malayalam 24x7
KERALA

പാതിവിലത്തട്ടിപ്പ്: ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ഉപാധികളോടെ ജാമ്യം

70 വയസായി എന്നതും രോഗിയെന്ന പരിഗണനയിലുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എന്‍. ആനന്ദ് കുമാറിന് രണ്ട് കേസുകളില്‍ കൂടി ജാമ്യം. കെ.എന്‍. ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. 70 വയസായി എന്നതും രോഗിയെന്ന പരിഗണനയിലുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കരീലക്കുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം. സര്‍ദാര്‍ പട്ടേല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം നൽകിയത്.

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി 122 പേരിൽ നിന്ന് 60000 വീതവും 52 പേരിൽ നിന്ന് 30000 വീതവും 127 പേരിൽ നിന്ന് തയ്യൽ മെഷീൻ നൽകാനെന്ന് പറഞ്ഞ് 11.31 ലക്ഷവും തട്ടിയെടുത്തെന്ന കേസിലാണ് എൻജിഒ കോൺഫെഡറേഷൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ആനന്ദകുമാർ അറസ്റ്റിലായിരുന്നത്.

തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രധാന പ്രതിയായ കെഎന്‍ ആനന്ദ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളില്‍ കൂടി ജാമ്യം നേടാതെ കെഎന്‍ ആനന്ദ് കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നാണ് പാതിവില ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ.എന്‍. ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

SCROLL FOR NEXT