KERALA

"മല എലിയെ പ്രസവിച്ച പോലെ, ആശമാരുടെ ഓണറേറിയം യുഡിഎഫ് വര്‍ധിപ്പിച്ചത് 3000 രൂപമാത്രം"; വിമര്‍ശനവുമായി കെ.എന്‍. ബാലഗോപാല്‍

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ലെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം വര്‍ധന മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുന്‍ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൂട്ടിയത് 3000 രൂപ മാത്രം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ രണ്ട് തവണയായി ഇടതുസര്‍ക്കാര്‍ വര്‍ധിപ്പിച്ചത് രണ്ടായിരം രൂപയാണ്. ആയിരം രൂപയായിരുന്ന ഓണറേറിയം 9000 ആക്കിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. അധികാരത്തിലെത്തിയാല്‍ ഇവരുടെ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കുമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അധികാരത്തിലെത്തിയതോടെ പ്രഖ്യാപിച്ചത് വെറും 3000 രൂപ മാത്രമാണെന്നും കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു.

രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 3000 രൂപയുടെ ആകെ വര്‍ധന ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. അംഗന്‍വാടി, പ്രീ പ്രൈമറി, സ്‌കൂള്‍ പാചക തൊഴിലാളി, കരാര്‍ ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിനൊപ്പം ഇതേ നിരക്കില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കി.

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വര്‍ഷ ഭരണത്തിനൊടുവില്‍ 500 രൂപയുടെ വര്‍ധന മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാര്‍ഥ്യമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതു സര്‍ക്കാര്‍ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 3000 രൂപയുടെ ആകെ വര്‍ധന ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. അംഗന്‍വാടി, പ്രീ പ്രൈമറി, സ്‌കൂള്‍ പാചക തൊഴിലാളി, കരാര്‍ ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിനൊപ്പം ഇതേ നിരക്കില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കി.

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വര്‍ഷ ഭരണത്തിനൊടുവില്‍ 500 രൂപയുടെ വര്‍ദ്ധന മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാര്‍ഥ്യം.

SCROLL FOR NEXT