കോഴിക്കോട്: തിരുകേശം വളർന്നുവെന്ന പ്രസ്താവനയിൽ കാന്തപുരത്തിനെതിരെ രൂക്ഷവിമർശനവുമായി കെഎൻഎം. കാന്തപുരം അബൂബക്കർ മുസ്ലിയാർ സമുദായത്തെ തെറ്റിധരിപ്പിക്കുന്നതായി കെഎൻഎം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുള്ള കോയ മദനി പറഞ്ഞു. തിരുകേശത്തിൻ്റെ പേരിൽ കാന്തപുരം കളവ് പറയുന്നു. കാന്തപുരത്തിൻ്റെ മരണാനന്തരം ഇത് അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്. മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്.
തിരുകേശം തന്നെ കള്ളത്തരമാണെന്ന് ബോധ്യപ്പെട്ടതാണ്. ആരാണ് തിരുകേശത്തിന്റെ അളവെടുത്തതെന്നും അബ്ദുള്ള കോയ മദനി ചോദ്യമുന്നയിച്ചു. തിരുകേശത്തിൻ്റെ പേരിൽ നടക്കുന്നത് ഇസ്ലാം മത വിശ്വാസത്തിൽ ഇല്ലാത്തതാണെന്നും അബ്ദുള്ള കോയ മദനി വ്യക്തമാക്കി.
മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുന്നതിനിടെയാണ് കാന്തപുരം പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ വലുതായി എന്ന അവകാശവാദം ഉന്നയിച്ചത്.
"പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അവിടുത്തെ കൈ കൊണ്ട് ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളത്തില്‍ നിന്ന് അല്‍പ്പം വെള്ളവും എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് ഒഴിക്കരുത്,'' കാന്തപുരം പറഞ്ഞു. എന്നായിരുന്നു കാന്തപുരം പറഞ്ഞത്.