KERALA

കൊച്ചിയിൽ കാറുകൾ വാങ്ങിയവരെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: വ്യക്തിവിവരങ്ങൾ ചോർന്നത് ഷോറൂമുകളിൽ നിന്നെന്ന് നിഗമനം

എറണാകുളം ജില്ലയിൽ നിന്ന് മാത്രം അറുപതിലധികം പേരെ കബളിപ്പിച്ച് ലക്ഷങ്ങളാണ് തട്ടിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പുതിയ കാറുകൾ വാങ്ങിയവരെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ വ്യക്തിഗത വിവരങ്ങൾ ചോർന്നത് കാർ ഷോറുമുകളിൽ നിന്നെന്ന് സംശയം. കാർ വാങ്ങിയപ്പോൾ യൂറോപ്യൻ യാത്ര ഉൾപ്പെടെയുള്ള വമ്പൻ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സംഘം ആളുകളെ സമീപിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം എറണാകുളം ജില്ലയിൽ നിന്ന് മാത്രം അറുപതിലധികം പേരെ കബളിപ്പിച്ച് ലക്ഷങ്ങളാണ് തട്ടിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊച്ചിയിലെ വിവിധ കാർ ഷോറൂമുകളിൽ നിന്ന് വാഹനങ്ങൾ വാങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിൻ്റെ അതിവിദഗ്ധമായ തട്ടിപ്പ്. കാർ വാങ്ങിയപ്പോൾ വമ്പൻ സമ്മാനങ്ങളും ഓഫറുകളും ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബസമേതം വിനോദയാത്ര പോകുന്നതിന് സ്പെഷ്യൽ ഡിസ്ക്കൗണ്ട് പാക്കേജ്, വിമാന ടിക്കറ്റ് നിരക്കിലും ലോകത്ത് എവിടെ പോയാലും 5 സ്റ്റാർ , 7 സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നതിനുള്ള റൂമുകളുടെ തുകയ്ക്കും പരമാവധി ഇളവ്, കൂടാതെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനങ്ങളും, ഇതൊക്കെയായിരുന്നു ഓഫറുകൾ. ഉപഭോക്താക്കൾ വാങ്ങിയ കാറിൻ്റെ വിവരങ്ങൾ വരെ കൃത്യമായി ധരിപ്പിച്ചായിരുന്നു സംഘത്തിൻ്റെ നീക്കം.

എറണാകുളം ജില്ലയിലെ നെടുമ്പാശേരി, കളമശേരി, ഇടപ്പള്ളി, എളമക്കര, പത്തടിപ്പാലം എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ നിന്ന് 60 ൽ അധികം പേർക്കാണ് ഈ തട്ടിപ്പിലൂടെ പണം നഷ്ടമായത്. നെടുമ്പാശേരി സ്വദേശിയുടെ പരാതിയിൽ തട്ടിപ്പ് സംഘത്തിൽപ്പെട്ട 8 പേരെ എടത്തലയിൽ നിന്ന് നെടുമ്പാശേരി പൊലീസ് പിടികൂടിയിരുന്നു. തട്ടിപ്പുകാർക്ക് തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഷോറുമുകളിൽ നിന്നാകാം ലഭിച്ചത് എന്നാണ് കബളിപ്പിക്കപ്പെട്ടവരുടെ സംശയം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലേക്കാണ് വാഹനങ്ങൾ വാങ്ങിയവരെ വിളിച്ച് വരുത്തിയിരുന്നത്. സംശയത്തിനുള്ള ഒരു സൂചന പോലും നൽകാതെയായിരുന്നു തട്ടിപ്പ്. പണം നഷ്ടമായതിലുപരി വ്യക്തിഗത വിവരങ്ങൾ ചോർന്നതിലാണ് ആശങ്ക. സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങാനാണ് തട്ടിപ്പിന് ഇരയായവരുടെ തീരുമാനം

SCROLL FOR NEXT