KERALA

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്: ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സെൻട്രൽ പൊലീസ്

ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്

Author : ലിൻ്റു ഗീത

കൊച്ചി: നടന്മാരുൾപ്പെടെ പ്രമുഖർ ഉൾപ്പെട്ട ഭൂട്ടാൻ വാഹനക്കടത്തിൽ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്. വാഹന ഇടപാടുകാരനായ രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. എറണാകുളം സ്വദേശി മുഹമ്മദ്‌ യഹിയയുടെ പരാതിയിലാണ് കേസ്. നേരത്തെ കസ്റ്റംസ് നടത്തിയ പരിശോധനയിൽ മുഹമ്മദ്‌ യഹിയയുടെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഇയാൾ പരാതിയുമായി ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ ആണെന്ന് പറഞ്ഞാണ് വാഹനം തനിക്ക് വിറ്റത്. 2024ലാണ് ഇത്തരത്തിൽ കാർ സ്വന്തമാക്കിയത്. ഇതിനായി പതിനാല് ലക്ഷം രൂപയും നൽകിയിരുന്നു. ഹിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് വാഹനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത വാഹനം നൽകി പണം തട്ടിയതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിക്കാരന് വിറ്റത് ഭൂട്ടനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ കാറാണെന്ന് വ്യക്തമാക്കിയാണ് കൊച്ചി സെൻട്രൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭൂട്ടാനിൽനിന്ന് നിയമ വിരുദ്ധമായി കടത്തിയ ഇരുന്നൂറിലേറെ വാഹനങ്ങൾ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഇതിനെ തുടർന്ന് നടൻമാരായ ദുൽഖർ സൽമാൻ, പൃഥിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടേയും പ്രമുഖ വ്യവസായികളുടേതുമടക്കം നിരവധി സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുകയാണ്. നിലവിൽ ഓപ്പറേഷൻ നുംഖേറിന്റെ ഭാഗമായി കേരളത്തിൽ നിന്നും 49 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.

SCROLL FOR NEXT