എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. എയർ ഇന്ത്യയുടെ കൊച്ചി-ഡല്‍ഹി എഐ 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് സംഭവം.
രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി 10.15ന് ബോർഡിങ് ആരംഭിച്ചിരുന്നു. വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴാണ് തകരാർ സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്ന ഹൈബി ഈഡൻ എംപിയാണ് വിവരം ആദ്യം പുറത്തുവിട്ടത്. "എഐ 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല," എംപി ഫേസ്ബുക്കില്‍ കുറിച്ചു. എഞ്ചിന്‍ തകരാറാണ് കാരണം എന്ന് എയർ ഹോസ്റ്റസ് അറിയിച്ചതായി എംപി പറഞ്ഞു.
ഹൈബി ഈഡനും കുടുംബത്തിനും പുറമേ എംപിമാരായ ജെബി മേത്തറും ആൻ്റോ ആൻ്റണിയും വിമാനത്തിലുണ്ട്. തകരാറിനെ തുടർന്ന് വിമാനം റണ്‍വേയില്‍ നിന്ന് ബേയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
അതേസമയം, വിമാനം തെന്നിമാറിയിട്ടില്ലെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. വിമാനത്തിന് ശബ്ദ വ്യതിയാനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടേക്ക് ഓഫ് മാറ്റിവെച്ചതെന്നും തകരാർ പരിഹരിച്ചാല്‍ ഉടന്‍ യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.