കേസിലെ മൂന്നാം പ്രതി മഞ്ജിമ  
KERALA

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി; മനുഷ്യക്കടത്ത് പ്രത്യേക സംഘം അന്വേഷിക്കും

മനുഷ്യക്കടത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യക്കടത്ത് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഡിസിപി അശ്വതി ജിജിയ്ക്കാണ് അന്വേഷണച്ചുമതല. സംഘത്തിൽ എസിപിയെയും വനിത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിൽ നിലവിൽ 3 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് എത്തിക്കുകയും ഇതിന് ശേഷം മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതി നൽകാൻ ശ്രമിച്ചതിന് വധഭീഷണി വരെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഇനിയും പരാതി വരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പരാതികൾ അറിയിക്കാൻ വനിത എസ്എച്ച്ഒയുടെ നമ്പർ പരസ്യപ്പെടുത്തും. പരാതിക്കാരുടെ വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് തീരുമാനം. യുവതിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി സിന്ധു പിടിയിലായത്. മുംബൈയിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്.

കേസിൽ 5 പ്രതികൾ ഉണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. 2 പേർ വിദേശത്താണ് ഉള്ളത്. ഇവരെ പിടികൂടാൻ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. ഇതിനിടെ ദുബായിൽ നേരിട്ട ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി രംഗത്ത് വന്നു. ഒന്നാം പ്രതി സിന്ധുവും, അലീനയും ചേർന്നാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു.

പണം നൽകിയ ശേഷം ദുബായിൽ നിന്ന് ആദ്യം എത്തിച്ചത് ഫ്ലാറ്റിൽ ആയിരുന്നുവെന്നും അവിടെ എട്ടോളം യുവതികൾ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ഫ്ളാറ്റിൽ എത്തിയ ഉടനെ സിന്ധു പാസ്പോർട്ടും ഫോണും കൈക്കലാക്കി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചു. ഇതിനിടെ മർദ്ദിച്ചതായും പരാതിക്കാരി പറഞ്ഞു.

വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ച് നൽകി മോശക്കാരിയാക്കി ചിത്രീകരിക്കാൻ നീക്കം നടത്തി. വഴങ്ങിയില്ലെങ്കിൽ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി. പരാതിക്കാരി ദുബായിലെ ഫ്ളാറ്റിൽ നേരിട്ടത് സമാനതകൾ ഇല്ലാത്ത ക്രൂരതയാണ്. ബന്ധുവിൻ്റെ സഹായത്തോടെ തിരികെ നാട്ടിലെത്തിയതെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

SCROLL FOR NEXT