കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള ചർച്ച സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി. ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയതിൽ കെഎംആർഎല്ലിനോടുള്ള അതൃപ്തി വ്യക്തമാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ പേരുമാറ്റത്തിൽ സർക്കാരിന്റെ തീരുമാനത്തിനൊപ്പമാണെന്ന് ലോക്‌നാഥ് ബഹ്റ പറഞ്ഞു. കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് മാറ്റാനുള്ള ആലോചന മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേര് മാറ്റാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പേരുമാറ്റൽ വാർത്താ കെഎംആർഎല്ലിന്റെ ഏകപക്ഷീയമായ പ്രഖ്യാപനമാണ്. സര്‍ക്കാരിനോട് ആലോചിക്കാത്ത കാര്യത്തില്‍ എന്തിനാണ് പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സർക്കാരിന് നൽകിയത് പ്രൊപ്പോസൽ മാത്രമാണെന്നും സർക്കാരിന്റെ തീരുമാനം എന്തായാലും അതിനൊപ്പം ആണെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ് ബഹ്റ ന്യൂസ് മലയാളത്തോട് പറഞ്ഞു. കെഎംആർഎൽ ചെയ്യുന്ന പദ്ധതികളെ തീരുമാനം ബാധിക്കില്ലെന്നും മറ്റു കാര്യങ്ങൾ ഭാവിയിൽ ആലോചിക്കാം എന്നും ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.
'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രമെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്നു പേരു മാറ്റാൻ സർക്കാരിനോട് ശുപാർശ ചെയ്‌തെന്ന വാർത്താക്കുറിപ്പ് ഇന്നലെയാണ് കെഎംആർഎൽ പുറത്തിറക്കിയത്. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണ് പേര് മാറ്റം എന്നായിരുന്നു വിശദീകരണം.