എറണാകുളം: കേന്ദ്ര സർക്കാരിന്റെ പുരസ്കാര നിറവിൽ കൊച്ചി മെട്രോ. മികച്ച മാതൃകകൾക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ രണ്ട് ദേശീയ പുരസ്കാരങ്ങളാണ് കെഎംആർഎൽ സ്വന്തമാക്കിയത്. ഈ മാസം 24ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ അവാർഡുകൾ സമ്മാനിക്കും.
മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറിൽ ഒക്ടോബർ 23, 24 തീയതികളിൽ നടക്കുന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' കോൺഫറൻസിനോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് സുഗമവും മികവാർന്നതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിലും നഗരഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടർച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.