കൊച്ചി: നിയമസഭാ മണ്ഡലത്തിൽ ലത്തീൻ കത്തോലിക്കൻ അല്ലാത്ത ഒരാളെ സ്ഥാനാർഥിയായി കോൺഗ്രസ് പരിഗണിക്കുന്നതിൽ കടുത്ത വിയോജിപ്പുമായി സഭ. സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ സമുദായ അംഗങ്ങളെ മാത്രമേ പരിഗണിക്കാവു എന്നാണ് ലത്തീൻസഭയുടെ ആവശ്യം. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ സ്ഥാനാഥിയാക്കുന്നതിലും സഭ കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിൽ രാഷ്‌ട്രീയ പാർട്ടികൾ സമുദായത്തെ പരിഗണിക്കാറുണ്ട്. എറണാകുളവും, കൊച്ചിയും, അത്തരത്തിൽ പരിഗണന ലഭിക്കുന്ന മണ്ഡലങ്ങളാണ് എന്ന് ലത്തീൻ സഭാ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു. ആ പരിഗണന മാറ്റി ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ ഇല്ല. കോൺഗ്രസ് അതിൽ നിന്നും മാറി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജോസഫ് ജൂഡ് വ്യക്തമാക്കി.
നയത്തിൽ ഉറച്ച് നിന്നുകൊണ്ട് സമുദായത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെയും, മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളോടും ഏത് വിധത്തിലാണ് പ്രതികരിക്കുന്നത് എന്നൊക്കെ കണക്കുക്കൂട്ടിയാണ് സമുദായം പ്രയോഗിക രാഷ്ട്രീയ പിന്തുണ നൽകുന്നതെന്നും ജോസഫ് ജൂഡ് കൂട്ടിച്ചേർത്തു.