കൊച്ചി കപ്പൽ അപകടം  
KERALA

കൊച്ചിയിലെ കപ്പല്‍ അപകടം: ഷിപ്പിങ് കമ്പനിയുമായി ചര്‍ച്ച നടത്താന്‍ വിദഗ്ധ സമിതികള്‍

മൂന്ന് വിദഗ്ധ സമിതികളെയാണ് ചര്‍ച്ചയ്ക്കായി നിയോഗിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിലെ കപ്പല്‍ അപകടത്തില്‍ ഷിപ്പിങ് കമ്പനിയുമായി ചര്‍ച്ച നടത്താന്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍. മൂന്ന് വിദഗ്ധ സമിതികളെയാണ് ചര്‍ച്ചയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ച നടത്തും.

കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ പഠിക്കാനായി പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ ഇംപാക്ട് ഓഫീസറായി നിയോഗിച്ചു. മലിനീകരണ നിയന്ത്രണത്തിനായി സംസ്ഥാന ജില്ലാതല സമിതികള്‍ക്കും രൂപം നല്‍കി.

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ സുപ്രധാനമായ മൂന്ന് ഉത്തരവുകള്‍. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറായും നിയോഗിച്ചു.

നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ചര്‍ച്ച ചെയ്യുക. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ എട്ടംഗങ്ങളുമാണ് ഉള്ളത്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ 24നാണ് എംഎസ്സി എല്‍സ 3 കപ്പല്‍ കണ്ടെയ്‌നറുകളുമായി മുങ്ങിയത്. 640 കണ്ടെയ്‌നറുകളാണ് മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തില്‍ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒമ്പതോളം കണ്ടെയ്നറുകളാണ് കടലില്‍ വീണത്. 24 പേരെ കപ്പലില്‍ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈന്‍സ് ജീനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ കടലില്‍ ഏതാണ്ട് 3.7 കിലോമീറ്റര്‍ (2 നോട്ടിക്കല്‍ മൈല്‍) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കപ്പല്‍ ഉയര്‍ത്താന്‍ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകള്‍ കപ്പല്‍ കമ്പനിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് വരികയാണ്.

SCROLL FOR NEXT