KERALA

"കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല, വിളിച്ചാൽ ഫോൺ എടുക്കില്ല"; എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി

പച്ചക്കുതിര എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനി ഗുരുതര ആരോപണം ഉന്നയിച്ചത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി കോടിയേരിയുടെ കുടുംബം. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് ഭാര്യ വിനോദിനി പറഞ്ഞു. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് വലിയ അവഗണന നേരിട്ടു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സുഖവിവരം അന്വേഷിച്ചില്ലെന്നും വിനോദിനി പറഞ്ഞു. പച്ചക്കുതിര എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനി ഗുരുതര ആരോപണം ഉന്നയിച്ചത്.

"മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽ നിന്ന് പിന്നെയാരും ബന്ധപ്പെട്ടിട്ടില്ല. “നീ ഓക്കേയാണോ ഞങ്ങളൊക്കെളപ്പമുണ്ട്' എന്നുപോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത ഒരു കാലമായോ. പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല.

ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലു വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്. വിജയേട്ടൻ വിളിച്ചാൽ ഫോൺ എടുക്കുകയും അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണ്. ഞാൻ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനിപ്പുറം ഈ നാലുവർഷത്തിനിടയിൽ അദ്ദേഹമൊരിക്കലും എന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയിൽ വല്ലപ്പോഴും ഞാൻ അങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കാറുമില്ല", വിനോദിനിയുടെ വാക്കുകൾ.

SCROLL FOR NEXT