KERALA

പ്രതി ജയേഷിന്റെ ഫോണിലും ദൃശ്യങ്ങള്‍; കോയിപ്രത്തെ ഹണിട്രാപ്പിൽ കൂടുതല്‍ പേര്‍ മര്‍ദനത്തിനിരയായെന്ന സംശയത്തില്‍ പൊലീസ്

സൈബര്‍ വിദഗ്ധരുടെ സഹായത്താല്‍ ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട കോയിപ്രത്ത് കൂടുതല്‍ ആളുകള്‍ മര്‍ദനത്തിന് ഇരയായോ എന്ന സംശയത്തില്‍ പൊലീസ്. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്നും പൊലീസ്. ഒന്നാം പ്രതി ജയേഷിന്റെ ഫോണിലും കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഫോണ്‍ ലോക്ക് ചെയ്ത നിലയിലായതിനാല്‍ സൈബര്‍ വിദഗ്ധരുടെ സഹായത്താല്‍ ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പലതവണ ഫോണിന്റെ ലോക്ക് മാറ്റാന്‍ ജയേഷിനോടും രശ്മിയോടും ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഇതുവരെ ലോക്ക് മാറ്റി നല്‍കിയിട്ടില്ല. ഇതോടെയാണ് കൂടുതല്‍ മറുപടികളുണ്ടായേക്കുമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

അതേസമയം എന്തിനാണ് പ്രതികള്‍ ഇത്തരത്തില്‍ ക്രൂര കൃത്യം നടത്തിയതെന്നും പൊലീസിന് അറിയേണ്ടതുണ്ട്. ചരല്‍ക്കുന്നില്‍ യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായ പീഡനം നടത്തിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ജയേഷിനെയും ഭാര്യ രശ്മിയെയും പൊലീസ് അറസ്റ്റ് ചെയത്. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചായിരുന്നു പീഡനം. പിന്നാലെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു.

പ്രതി രശ്മിയുടെ ഫോണില്‍ ഉള്ളത് അഞ്ച് വീഡിയോ ക്ലിപ്പുകളെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രശ്മിയും ആലപ്പുഴ സ്വദേശി യുവാവും നഗ്‌നരായി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ സമര്‍പ്പിക്കും. പരാതിക്കാരില്‍ റാന്നി സ്വദേശിയായ 30കാരന്‍ ജയേഷിന്റെയും രശ്മിയുടെയും വിവാഹ നടത്തിപ്പില്‍ ഇടപെട്ട ആളെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

രണ്ട് യുവാക്കള്‍ക്കും രശ്മിയുമായി സൗഹൃദബന്ധം ഉണ്ടായിരുന്നെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ഇരുവരുമായുള്ള രശ്മിയുടെ സ്വകാര്യ ചാറ്റ് ഭര്‍ത്താവ് ജയേഷ് കാണുകയായിരുന്നു. തുടര്‍ന്ന് ഇവരെ വീട്ടിലേക്ക് എത്തിക്കാന്‍ രശ്മിയോട് ആവശ്യപ്പെടുകയും ചെയ്തു.

വീട്ടിലെത്തിച്ച ശേഷം ക്രൂര പീഡനത്തിനാണ് ഇരുവരും ഇരയായത്. 23 സ്റ്റാപ്ലര്‍ പിന്നുകളാണ് റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പ്രതികള്‍ തറച്ചത്. ശേഷം കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നു. നഖത്തിനിടയില്‍ മൊട്ടുസൂചി കുത്തുകയും നഖം പിഴുതെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുഖത്തും ജനനേന്ദ്രിയങ്ങളിലും പേപ്പര്‍ സ്‌പ്രേ അടിച്ചത് ഉള്‍പ്പെടെ മനുഷ്യനോട് കാണിക്കാവുന്ന എല്ലാ ക്രൂരതകളും പ്രതികളായ ജയേഷും ഭാര്യ രശ്മിയും നടത്തി. ആഭിചാരക്രിയയാണ് നടന്നത് എന്ന് സംശയിക്കുന്നതായി പീഡനത്തിന് ഇരയായ യുവാവ് പറഞ്ഞു.

പ്രതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. ആരുമായും കാര്യമായ സഹകരണമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ക്രൂര പീഡനങ്ങള്‍ക്കൊപ്പം ഇരകളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും പണം അപഹരിക്കുകയും ചെയ്തു. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിച്ച്, ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

SCROLL FOR NEXT