KERALA

ശബരിമല യുവതി പ്രവേശനം: എം. സ്വരാജിൻ്റെ പ്രസം​ഗത്തിൽ റിപ്പോർട്ട് തേടി കോടതി

സ്വരാജ് വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തി എന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ

Author : ലിൻ്റു ഗീത

കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രസം​ഗത്തിൽ സിപിഐഎം നേതാവ് എം. സ്വരാജിനെതിരായ പരാതിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എം. സ്വരാജ് വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തി എന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. സ്വരാജിൻ്റെ 2018ലെ പ്രസംഗത്തിൻ്റെ വീഡിയോ സഹിതമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകിയത്.

അയ്യപ്പൻ്റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം. സ്വരാജിൻ്റെ പ്രസംഗം. ആദ്യം കൊല്ലം വെസ്റ്റ് എസ്എച്ചഒയ്ക്കാണ് പരാതി നൽകിയത്. ഇതിൽ കേസെടുക്കാൻ തയ്യാറാവാത്തതോടെ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. എന്നാൽ ഇതിലും കേസെടുക്കാത്ത സാഹചര്യത്തിൽ ആണ് കോടതിയെ സമീപിച്ചത്.

അതേസമയം, ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്. പരമോന്നത കോടതി പരിശോധിക്കുക, മതസ്വന്തന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ, മതാചാരങ്ങളിൽ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ എന്നീ വിഷയങ്ങളില്‍ സുപ്രധാന തീർപ്പ് ഉണ്ടായേക്കും.

SCROLL FOR NEXT