ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.