കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും. പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും സമർപ്പിച്ച ജാമ്യഹർജിയാണ് കോടതി തള്ളിയത്. കേസിൽ ആദ്യം അറസ്റ്റിൽ ആയ ആളാണെന്നും, റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്. എന്നാൽ ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നായിരുന്നു എസ്ഐടി കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിയത്. ഇത് രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോയെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊല്ലം വിജിലൻസ് കോടതിയിൽ ചിത്രം സഹിതം വിശദീകരണം നൽകിയ ദിവസം തന്നെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.