തന്ത്രി കണ്ഠരര് രാജീവര് 
KERALA

‌‌‌‌‌ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

തന്നെ മനഃപൂർവം കേസിൽ കുടുക്കിയെന്നാണ് ഹർജിയിൽ തന്ത്രിയുടെ വാ​ദം

Author : ലിൻ്റു ഗീത

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഇന്ന് നിർണായകം. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. തന്നെ മനഃപൂർവം കേസിൽ കുടുക്കിയെന്നാണ് ഹർജിയിൽ തന്ത്രിയുടെ വാ​ദം. എന്നാൽ കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം.

തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയിരുന്നു. ദ്വാരപാലക പാളികൾ പോറ്റിക്ക് കൊടുത്തുവിടാൻ അനുജ്ഞ നൽകിയതിലാണ് പരിശോധന. തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നൽകിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടൻ സാമ്പിൾ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം. നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.

എന്നാൽ ഇത്തരത്തിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. കുറ്റപത്രം നൽകാൻ വൈകുന്നത് കൊണ്ട് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നു. ഇത് ഗുരുതര വിഷയമാണ്. ഇങ്ങനെയായാൽ പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു. കേസിൽ പൊലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിമർശനം.

SCROLL FOR NEXT