കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിർണായകം. കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം. ദ്വാരപാലക ശിൽപ്പ കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ചിരുന്നു. അതിനാൽ കട്ടിളപ്പാളി കേസിലും കൂടി ജാമ്യം ലഭിച്ചാൽ പോറ്റി ജയിൽ മോചിതനാകും.
2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി 21നാണ് ദ്വാരപാലക ശിൽപ്പ കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചത്. 2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസിൽ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മൂന്ന് പ്രതികൾക്കാണ് ഇതുവരെ വിജിലൻസ് കോടതി ജാമ്യം നൽകിയത്. ശബരിമല മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്.ശ്രീകുമാറും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറുമാണ് ഇതുവരെ ജയിൽ മോചിതരായത്.
അതേസമയം, മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ മുരാരി ബാബുവും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. അനധികൃതമായി താൻ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പോറ്റിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബു ഇഡിയോട് വ്യക്തമാക്കിയത്. തൻ്റെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാമെന്നും മുരാരി ബാബു പറഞ്ഞതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് കേസിലെ ചോദ്യം ചെയ്യലിനായി മുരാരി ബാബു ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ഹാജരായത്. ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. കേസിൽ സ്മാർട്ട് ക്രിയേഷൻ ഉടമകൾ അടക്കം 12 പേർക്ക് ഇഡി സമൻസ് നൽകിയിട്ടുണ്ട് എന്നാണ് വിവരം. സ്വർണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കുകയാണ് ഇഡി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം.