KERALA

യാത്രക്കാർക്ക് ആശ്വാസം! കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടി

സർവീസ് ആരംഭിക്കുന്ന ദിവസം റെയിൽവേ വൈകാതെ പ്രഖ്യാപിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടാൻ റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് നിന്നു പുറപ്പെടുന്ന മെമു വൈകിട്ട് 5.05ന് എറണാകുളത്ത് എത്തും. വൈകിട്ട് 5.25ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 6.45ന് കോട്ടയത്തും രാത്രി 9.25ന് കൊല്ലത്തും എത്തും. എറണാകുളത്തു നിന്നു കോട്ടയം ഭാഗത്തേക്കു ആവശ്യത്തിനു പാസഞ്ചർ ട്രെയിനില്ലെന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിനു യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് മെമു സർവീസ് ദീർഘിപ്പിച്ചതെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ഏറ്റുമാനൂർ, കുറുപ്പുന്തറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ മെമുവിനു സ്റ്റോപ്പ് ഉണ്ടാകും. സർവീസ് ആരംഭിക്കുന്ന ദിവസം റെയിൽവേ വൈകാതെ പ്രഖ്യാപിക്കും.

SCROLL FOR NEXT