പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിൻ്റെ വീലുകൾ കോൺക്രീറ്റിൽ താഴ്ന്നു പോയതിൽ വിവാദം കടുക്കുന്നതിനിടെ പ്രതികരിച്ച് കെ. യു. ജനീഷ്‌കുമാർ എംഎൽഎ. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിൻ്റെ വീൽ താഴ്ന്നിട്ടില്ലെന്ന് കെ. യു. ജനീഷ്‌കുമാർ പറഞ്ഞത്. ദൂരേ നിന്ന് നോക്കിയപ്പോൾ മാധ്യമങ്ങൾക്ക് അങ്ങനെ തോന്നിയതാണ് എന്നും, ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
എച്ച് എന്ന് മാർക്ക് ചെയ്ത സ്ഥലത്തല്ല ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. മാർക്ക് ചെയ്തതിൽ നിന്നും അൽപ്പം മാറിപ്പോയിരുന്നു. നാഷണൽ സെക്യൂരിറ്റി ഗാർഡ് അടക്കം പരിശോധിച്ച സ്ഥലത്താണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിക്കുന്നത്. അതിനനുസരിച്ചാണ് ക്രമീകരണങ്ങളെല്ലാം ചെയ്യുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് കോന്നിയിൽ ക്രമീകരണങ്ങൾ ചെയ്തത് എന്നും ജനീഷ്‌കുമാർ എംഎൽഎ വ്യക്തമാക്കി.
എന്നാൽ പ്ലാൻബി ഇല്ലാതിരുന്നതാണ് പ്രശ്നങ്ങൾക്ക് എന്നാണ് ആൻ്റോ ആൻ്റണി എംപി പ്രതികരിച്ചത്. പ്ലാൻബിയെ കുറിച്ച് ഫലപ്രദമായി ആലോചിച്ചില്ല. കോൺക്രീറ്റ് ഉണങ്ങാനുള്ള സമയം കിട്ടാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണം. ഹെലികോപ്റ്റർ വരുന്ന സമയത്ത് പരിസരത്തേക്ക് തെരുവുനായ ഓടിക്കയറി എന്നും രാഷ്ട്രപതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്നും ആൻ്റോ ആൻ്റണി എംപി കൂട്ടിച്ചേർത്തു
രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു പോയതും, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നിലയ്ക്കലില്‍ ഇറക്കേണ്ടിയിരുന്ന ഹെലികോപ്റ്റര്‍ കാലാവസ്ഥ പ്രതികൂലമായതും ശബരിമല സന്നിധാനത്തെ മൂടല്‍ മഞ്ഞും കാരണമാണ് പ്രമാടത്ത് ഇറക്കിയത്. അതേസമയം, ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങിപ്പോയി. പ്രമാടത്ത് എത്തിയ രാഷ്ട്രപതി ഹെലികോപ്റ്ററിലാണ് മടങ്ങിയത്.