കൂട്ടുപുഴ Source: News Malayalam 24x7
KERALA

ലഹരിക്കടത്തിൻ്റെ ഇടനാഴിയായി കൂട്ടുപുഴ; കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്തിൻ്റെ സ്ഥിരം പാത; ജാഗ്രതയോടെ എക്സൈസും പൊലീസും

ബെംഗളൂരുവിൽ നിന്ന് കണ്ണൂർ വഴി വടക്കൻ കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിക്കാൻ ലഹരി മാഫിയ സുരക്ഷിത വഴിയായാണ് കൂട്ടുപുഴയെ കാണുന്നത്.

Author : ന്യൂസ് ഡെസ്ക്

വടക്കൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ ഇടനാഴിയാവുകയാണ് കണ്ണൂരിലെ കൂട്ടുപുഴ. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ വഴി വടക്കൻ കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിക്കാൻ ലഹരി മാഫിയ സുരക്ഷിത വഴിയായാണ് കൂട്ടുപുഴയെ കാണുന്നത്. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടാൽ കേരള അതിർത്തി വരെ മറ്റ് പരിശോധനകൾ ഇല്ലാത്തതും വനപാതയാണെന്നതുമാണ് അനുകൂല ഘടകങ്ങൾ. കൂട്ടുപുഴ ചെക് പോസ്റ്റിലെ പരിശോധന കർശമാക്കാനുള്ള നീക്കത്തിലാണ് എക്സൈസ്.

2024ൽ 360 എൻഡിപിഎസ് കേസുകളാണ് കണ്ണൂരിൽ എക്സൈസ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഏപ്രിൽ വരെ അത് 466 ആണ്. അതായത് വർഷം കഴിയുന്തോറും ലഹരിക്കടത്ത് കൂടുന്നു എന്നർഥം. ഒഴുകിയ ലഹരിയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.

ഈ ലഹരിയെല്ലാം കടത്തി കൊണ്ട് വന്നത് കൂട്ടുപുഴ വഴിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2024ൽ 11.998 ഗ്രാം എംഡിഎംഎയും 657.465 ഗ്രാം മെത്താംഫിറ്റാമിനും പിടികൂടിയപ്പോൾ 2025ൽ ഇത് 93.549 ഗ്രാം എംഡിഎംഎയും 426.64 ഗ്രാം മെത്താംഫിറ്റാമിനുമായിരുന്നു. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി 47.22 ഗ്രാം നൈട്രോസെഫാം ടാബ്, 24.25 ഗ്രാം ട്രാമഡോൾ, 136.19 ഹൈബ്രിഡ് കഞ്ചാവ് എന്നിവയും ഈ വർഷം പിടികൂടിയിട്ടുണ്ട്. കൂട്ടുപുഴ വഴി വലിയ തോതിൽ ലഹരി എത്തുന്നത് മനസിലാക്കിയ എക്സൈസ്, പരിശോധന കർശനമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവിൽ നിന്ന് നിരവധി ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇവയിൽ യാത്ര ചെയ്തും ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന സംശയം ശക്തമാണ്. പാർസൽ വഴി ലഹരി വസ്തുക്കൾ എത്തിക്കുന്നുവെന്നതും വ്യക്തമായി. കൂട്ടുപുഴ ചെക് പോസ്റ്റിൽ പകൽ പരിശോധന നടക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ സാങ്കേതിക തടസങ്ങൾ ഏറെയുണ്ട്. പാലത്തിലെ വെളിച്ചക്കുറവ്, വാഹനങ്ങളുടെ എണ്ണക്കൂടുതൽ, സ്പീഡ് ബ്രേക്കർ സംവിധാനങ്ങൾ ഇല്ലാത്തത് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി പ്രതിസന്ധികളും എക്സൈസ് നേരിടുന്നുണ്ട്.

SCROLL FOR NEXT