KERALA

തദ്ദേശത്തർക്കം | വികസനം വോട്ടാകുമെന്ന് ഇടത് ക്യാമ്പ്, തിരിച്ചുവരവിന് യുഡിഎഫ്; ഇത്തവണ കോതമംഗലം ആര് നേടും?

100 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചെന്നാണ് എൽഡിഎഫിൻ്റെ അവകാശവാദം.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോതമംഗലം നഗരസഭയിൽ ആര് വിജയിക്കുമെന്ന ചർച്ച ശക്തമാകുകയാണ്. നഗരസഭയിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 100 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചെന്നാണ് എൽഡിഎഫിൻ്റെ അവകാശവാദം.

എന്നാൽ അഞ്ചുവർഷം നഗരസഭയിൽ വികസന മുരടിപ്പായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതേസമയം, യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കം അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിർണായക ഘടകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം കാർഷിക മേഖലയിലെ പ്രശ്നങ്ങളും വന്യമൃഗശല്യവും ഇതിൻ്റെ ഭാഗമായി.

കോതമംഗലം നഗരസഭയിലെ കക്ഷിനില പരിശോധിച്ചാൽ സിപിഐഎമ്മും കോൺഗ്രസും ഒരു പോലെ ശക്തരാണ്. കേരളാ കോൺഗ്രസിനും നല്ല വേരോട്ടമുള്ള മണ്ണാണ് കോതമംഗലത്തുള്ളത്. കഴിഞ്ഞ നാല് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ വീതം എൽഡിഎഫും യുഡിഎഫും ഭരണം പിടിച്ചു.

2005ൽ എൽഡിഎഫ് വിജയിച്ചപ്പോൾ 2010ലും 15ലും യുഡിഎഫ് ഭരണം നിലനിർത്തി. 2015ൽ ആകെയുള്ള 31 സീറ്റിൽ 21 ഉം നേടിയായിരുന്നു യുഡിഎഫിൻ്റെ ഭരണത്തുടർച്ച. എൽഡിഎഫ് 10 സീറ്റിൽ ഒതുങ്ങി. അന്ന് യുഡിഎഫിന് അനുകൂല ഘടകമായത് കേരളാ കോൺഗ്രസ് എമ്മിൻ്റെ ശക്തമായ പിന്തുണയാണ്. എന്നാൽ മുന്നണി മാറി ജോസ് കെ. മാണി വിഭാഗം എൽഡി എഫിലെത്തിയതോടെ ഭരണരംഗത്ത് കാര്യമായ മാറ്റങ്ങൾ വന്നു. 2020ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തി. 31 വാർഡിൽ 17 എണ്ണം നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വികസനത്തിൻ്റെ പുത്തൻ മാതൃക സൃഷ്ടിക്കാനായി എന്നാണ് ഭരണസമിതി അവകാശപ്പെടുന്നത്. എന്നാൽ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് യുഡിഎഫിൻ്റെ വാദം. തെരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണ കരുത്താകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. എന്നാൽ പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിനോട് വിയോജിപ്പ് പരസ്യമാക്കിയ സീറോ മലബാർ സഭാ വിശ്വാസികളുടെ വോട്ടുകളാണ് യുഡിഎഫിൻ്റെ ലക്ഷ്യം.

SCROLL FOR NEXT