KERALA

കൊട്ടാരക്കര വാഹനാപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമായിരിക്കും മേല്‍ നടപടികള്‍ സ്വീകരിക്കുക.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൊട്ടാരക്കര വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപ്പൂര്‍വ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. കൂടുതല്‍ വകുപ്പുകള്‍ തുടര്‍ പരിശോധനയ്ക്ക് ശേഷം ഉള്‍പ്പെടുത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമായിരിക്കും മേല്‍ നടപടികള്‍ സ്വീകരിക്കുക.

അതേസമയം അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ ശേഷം ലോറി ഓടിക്കുന്നത് ഇന്ന് ആദ്യമായാണ്. ടിപ്പറിന് മണ്ണ് എടുക്കാനുള്ള പാസുമില്ല. സ്പീഡ് ഗവര്‍ണറും ജിപിഎസും വാഹനത്തിലില്ല. സ്‌കൂള്‍ സമയങ്ങളിലെ ടിപ്പര്‍ ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് ഇന്ന് രാവിലെയാണ് കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചത്. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാര്‍ (50) എന്നിവരായിരുന്നു മരിച്ചത്. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ടിപ്പര്‍ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.

SCROLL FOR NEXT