തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 16 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വയനാട്ടില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് അതിക്രമം നടന്നത്. പ്രതികളായ സജിത്തും കിരണും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വയനാട്ടിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ ജൂണിലാണ് ആന്ധ്രപ്രദേശില്‍ നിന്ന് പെണ്‍കുട്ടിയെ കോവളത്ത് എത്തിക്കുന്നത്. സ്പാ നടത്തിപ്പുകാരനായ സജിത് പെണ്‍കുട്ടിയുമായി അന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് എത്തി. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കിരണിനൊപ്പമാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. പതിനഞ്ചോളം ദിവസം വൈത്തിരിയിലെ സ്പായില്‍ പെണ്‍കുട്ടിയുണ്ടായിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ വീണ്ടും കോവളത്തേക്ക് എത്തിക്കുന്നത്.
അഞ്ച് ലക്ഷം രൂപയ്ക്കാണ് പതിനാറുകാരിയെ സ്പാ നടത്തിപ്പുകാര്‍ക്ക് വിറ്റതെന്ന് ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ ബാങ്ക് രേഖയില്‍ നിന്നാണ് എസ്‌ഐടിക്ക് നിര്‍ണായക വിവരം കിട്ടിയത്.
പ്രായപൂര്‍ത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ സ്പായിലെത്തിച്ച അമ്മയുടെ സഹോദരിയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാര്‍ (47), നിഷാന്ത് (46), കിരണ്‍ എന്നിവരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
സെപ്റ്റംബര്‍ 21ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നല്‍കിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ രണ്ട് ആധാര്‍ കാര്‍ഡുകളില്‍ ഒന്നില്‍ പ്രായം 20 എന്നും മറ്റൊന്നില്‍ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടി സ്പായില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്. കേസില്‍ അറസ്റ്റിലായവര്‍ എല്ലാവരും റിമാന്‍ഡിലാണ്.