ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമരവേദിയിൽ  Source: News Malayalam 24x7
KERALA

താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക്: യുഡിഎഫിൻ്റെ രാപ്പകൽ സമരവേദിയിലെത്തി കോഴിക്കോട് അതിരൂപതാ ബിഷപ്പ്

സമരം നടത്തിയ എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രശംസിക്കുകയും ചെയ്തു

Author : പ്രണീത എന്‍.ഇ

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് സമരത്തെ പിന്തുണച്ച് കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ. എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ നടത്തിയ രാപ്പകൽ സമരത്തിനാണ് ബിഷപ്പ് പിന്തുണ നൽകിയത്. വേദിയിലെത്തിയ ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സമരം നടത്തിയ എംഎൽഎമാരെ പ്രശംസിക്കുകയും ചെയ്തു. അതേസമയം സമരം കോൺഗ്രസിന്റെ വൈകാരിക ഷോ ആണെന്നും ടി. സിദ്ധിഖിന്റെ ലക്ഷ്യം ആത്മാർഥമല്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് കുറ്റപ്പെടുത്തി.

കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലാണ് എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്. വയനാട് ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് ഈ മേഖലയിലെ ജനകീയ പ്രശ്നമാണ്. സമര വേദിയിൽ കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ എത്തിയത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നേതാക്കൾ കാണുന്നത്. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അതിരൂപതാ ബിഷപ്പ്, സമരം നടത്തിയ എംഎൽഎമാരെ പുകഴ്ത്തുകയും ചെയ്തു.

പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ടി. സിദ്ധിഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ ടി. സിദ്ധിഖിന്റേത് അപഹാസ്യ നിലപാടാണെന്നും വയനാട് ചുരത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു വരികയാണെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ബദൽപാത സംബന്ധിച്ച് കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും വൈകാരിക ഷോ നടത്തി, ജനങ്ങളെ ഇളക്കി വിടാനാണ് എംഎൽഎ മാർ ശ്രമിക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.

SCROLL FOR NEXT