കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീ നിയന്ത്രണവിധേയമാക്കി. ഒൻപതാം നിലയിലെ എസി പ്ലാൻ്റിലാണ് തീപിടിത്തമുണ്ടായത്. വെൽഡിങ് ജോലിക്കിടെ തീപ്പൊരി വീണതാണ് തീ പിടിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. അഞ്ച് യൂണിറ്റോളം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികൾ സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെൻ്റിലേറ്റർ ഒരുക്കാനുള്ള നിർദേശം മന്ത്രി നൽകിയിട്ടുണ്ട്.
തീപിടിത്തതിന് പിന്നാലെ സി ബ്ലോക്കിൽ നിന്ന് രോഗികളെ മാറ്റി. ഒൻപതാം നിലയിൽ നിലവിൽ രോഗികളില്ല. പണി നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്താണ് തീപടർന്നത്. നിയന്ത്രിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നാലെ വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്.