ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ കോഴിക്കോട് കുതിരവട്ടം മനസികാരോഗ്യ കേന്ദ്രം. ഡോ. വന്ദനയുടെ കൊലപാതകത്തോടെ സംസ്ഥാനത്തെ ആശുപത്രികളിലെല്ലാം കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്ന് 20 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചത്. എന്നാല്‍ ഇന്ന് നാലു പേര്‍ മാത്രമാണ് ജോലിയിലുള്ളത്. 22 പേര്‍ വേണ്ടിടത്താണ് നാലു പേരുടെ സേവനം. ഇതോടെ, ജീവനക്കാർക്ക് രോഗികളിൽ നിന്നും മർദനമേൽക്കുന്നതും സ്ഥിരം സംഭവമാണ്. നാനൂറോളം രോഗികളും ഇരുന്നൂറ്റി അമ്പതിലേറെ ജീവനക്കാരുമുള്ള സ്ഥാപനത്തിലാണ് ഈ ദുരവസ്ഥ.
കഴിഞ്ഞ ദിവസം മാനസികാസ്വാസ്ഥ്യമുള്ള ഒരാളുടെ ആക്രമണത്തില്‍ ഒരു നേഴ്സിന് പരുക്കേറ്റിരുന്നു. ആശുപത്രിയുടെ സെല്ലിന്റെ ചുവര്‍ തുരന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷിനെ മൂന്നുമാസത്തിനുശേഷമാണ് പിടികൂടാനായത്. മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാൽ അന്തേവാസികൾക്ക് രക്ഷപ്പെടാൻ എളുപ്പമാണ്. വെസ്റ്റ്ഹിൽ സൈനിക ക്ഷേമ ബോർഡ് മുഖേനയാണ് കേന്ദ്രത്തിലേക്ക് സുരക്ഷാ ജീവനക്കാരെ നിയമിക്കാറുള്ളത്. എന്നാൽ ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ മറ്റു ജോലി നേടി പോവുന്നതാണ് പ്രശ്നം.
അഭിമുഖം നടത്തി 100 പേരുടെ റാങ്ക് പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും നിയമനം നടന്നിട്ടില്ല. സൈനിക ക്ഷേമ ബോർഡ് വഴിയുള്ള നിയമനത്തിന് പകരമായി ഏജൻസികളെയോ, പിഎസ്‌സി വഴിയുള്ള നിയമനമോ വേണമെന്നാണ് സംഘടനകളുടെയും ജീവനക്കാരുടേയും ആവശ്യം.