കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിൽ ഇടിഞ്ഞു വീണു. മെഡിക്കൽ കോളേജ് ഡെൻ്റൽ ക്ലീനിക്കിന്റെ മതിലാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ തകർന്നു. ആളപായം ഇല്ല. വലിയ അപകടമാണ് ഒഴിവായത്.
കാലങ്ങളായി ഇടിഞ്ഞ് വീഴാറായി നിൽക്കുന്ന മതിലായിരുന്നു ഇത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. മെഡിക്കൽ കോളേജിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായത്. വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തകർന്ന കാറിലുണ്ടായിരുന്നത് ഒരു ഗർഭിണിയായിരുന്നു, അവർ ഇറങ്ങി ഒരു കടയിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായി ദിവസങ്ങൾക്കകമാണ് മറ്റൊരു അപകടമുണ്ടാകുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.