കോഴിക്കോട്: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ സംരക്ഷിക്കുന്നുവെന്ന് പരാതി. സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍, ട്രൈബ്യൂണല്‍ സ്ഥലം മാറ്റിയവര്‍ക്കെതിരെ ബോധപൂര്‍വം നടപടി വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകരായ ഡോ.അനിത കുമാരിക്കും ഡോ.സ്മിതക്കുമെതിരെ ഗുരുതരമായ പരാതികളാണ് പിജി വിഭാഗം വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. പരാതി അന്വേഷിക്കാന്‍ സമിതിയെയും നിയോഗിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തിയതോടെ, അധ്യാപകരെ സ്ഥലം മാറ്റി ഉത്തരവും ഇറങ്ങി.
ഉത്തരവ് സ്റ്റേ ചെയ്യാന്‍ അധ്യാപകര്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് ഉണ്ടായിട്ടും അധ്യാപകരെ മെഡിക്കല്‍ കോളജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം .
കേസ് നിലനില്‍ക്കെ, ആരോപണ വിധേയയായ അധ്യാപികരില്‍ ഒരാള്‍ക്ക് താല്‍കാലിക എച്ച്ഒഡി ചുമതലയും നല്‍കി. സ്ഥലംമാറ്റം ബോധപൂര്‍വം വൈകിപ്പിച്ച് നടപടി നേരിട്ടവര്‍ക്ക് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം