കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം അനശ്ചിതത്വത്തിൽ. തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായിട്ട് അത്യാഹിത വിഭാഗം അടച്ചിട്ടിരിക്കുകയാണ്. രണ്ടു തവണയാണ് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത്. സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി എന്ന് തുറക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായി മറുപടി നൽകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
2025 മേയ് 2 ന് ആർഐ-യുപിഎസ് മുറിയിലും 5ന് ആറാം നിലയിലെ ഓപ്പറേഷൻ തിയറ്ററിലുമാണ് തീപിടിച്ചത്. എംആർഐ യുപിഎസ് യൂണിറ്റുകൾ, ഇലക്ട്രിക്കൽ വിഭാഗങ്ങളുടെ എന്നീ വിഭാഗങ്ങളുടെ ട്രയൽ റൺ പൂർത്തിയായിട്ടുണ്ട്.
ശസ്ത്രക്രിയാ തീയറ്ററുകളുടെ പണി വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും രോഗികൾക്ക് വേണ്ടി ഇതെന്ന് തുറക്കുമെന്ന ചോദ്യവും ഉയരുകയാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസമാണ് ബ്ലോക്കിൻ്റെ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. എത്രയും വേഗം സർജിക്കൽ ബ്ലോക്ക് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യ വകുപ്പെങ്കിലും ഇതു തുറന്നുപ്രവർത്തിക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.
നിരവധി ജില്ലകളിലെ സാധാരണക്കാരായ രോഗികൾക്ക് ഏക ആശ്രയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്.അതിൽതന്നെ സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ തകരാറുകൾ ശരിയാക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ് എന്നാണ് അധികൃതർ പറയുന്നത്. കെഎസ്ഇബി യുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഈ മാസം തന്നെ ആശുപത്രി ബ്ലോക്ക് തുറന്ന് കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പ് മുന്നോട്ട്‌വെയ്ക്കുന്നത്.