പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് സ്ഥലം വിട്ടു നല്‍കിയ നൂറിലേറെ പേര്‍ ദുരിതത്തില്‍. വീടും സ്ഥലവും വിട്ടുകൊടുത്തവര്‍ക്ക് മൂന്ന് വര്‍ഷമായിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. ജില്ലയില്‍ നിശ്ചയിച്ച ഭൂമിവില കൂടുതലാണെന്ന് ദേശീയപാത അതോറിറ്റി കണ്ടെത്തി ആര്‍ബിട്രേഷനില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടികളിലെ കാലതാമസമാണ് നഷ്ടപരിഹാര തുക മുടങ്ങിയതിന് കാരണം.
വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ നിരവധി പേരാണ് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പകച്ചു നില്‍ക്കുന്നത്. രണ്ട് വര്‍ഷങ്ങളിലായി 313 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കുകയും വീട് നഷ്ടപ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കി 413 സ്ഥലമുടമകള്‍ക്ക് ഈ തുക വിതരണം തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട്, ജില്ലയില്‍ നിശ്ചയിച്ച ഭൂമിവില കൂടുതലാണെന്ന് ദേശീയപാത അതോറിറ്റി കണ്ടെത്തി ആര്‍ബിട്രേഷനില്‍ റിപ്പോര്‍ട്ട് നല്‍കി. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ നടപടികളിലെ കാലതാമസം കാരണം തുക വിതരണം മുടങ്ങി.
ഹൈവേയ്ക്കായി സ്ഥലം ഏറ്റെടുത്ത് മൂന്ന് വര്‍ഷമായിട്ടും നഷ്ടപരിഹാരത്തുകയുടെ വിതരണം നീളുന്നത് സ്ഥലമുടമകളെ പ്രതിസന്ധിയിലാക്കുകയാണ്. ആര്‍ബിട്രേഷനിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില കുറച്ചാല്‍ നാല് സെന്റ് മാത്രം ഭൂമിയുള്ള ലക്ഷംവീട് കോളനി നിവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങാനുള്ള തുക പോലും ഉണ്ടാവില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആധാരം അടക്കമുള്ള മറ്റെല്ലാ രേഖകളും കൈമാറിയതോടെ എപ്പോള്‍ വേണമെങ്കിലും വീടുകളില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യമാണിപ്പോള്‍. വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലുമാണ്. വായ്പ എടുക്കാനോ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തില്‍ ബാക്കിയുള്ളത് വില്‍ക്കാനോ സാധിക്കുന്നില്ല.
നിശ്ചയിച്ച ഭൂമിവില കൂടുതലാണെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാര തുക വിതരണം ആര്‍ബിട്രേഷന്‍ നടപടികളിലേക്കു കടന്നിരുന്നത്. വീടും സ്ഥലവും വിട്ടുകൊടുത്തവര്‍ നഷ്ടപരിഹാരത്തിനായി ഓഫിസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.