പ്രതീകാത്മക ചിത്രം Source: Meta AI
KERALA

കോഴിക്കോട് സുന്നത്ത് കർമത്തിനെത്തിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവം: കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

അന്തിമ റിപ്പോർട്ട് ലഭിച്ചാലേ അസുഖ വിവരങ്ങളും മരണകാരണവും വ്യക്തമാകുകയുള്ളൂ.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കാക്കൂരിൽ സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി സൂചന. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സൂചനയുള്ളത്. അന്തിമ റിപ്പോർട്ട് ലഭിച്ചാലേ അസുഖ വിവരങ്ങളും മരണകാരണവും വ്യക്തമാകുകയുള്ളൂ. അതേസമയം, രോഗവിവരം സുന്നത്ത് കർമം നടത്തിയ ക്ലിനിക്കിൽ കുടുംബം അറിയിച്ചിരുന്നില്ല. കുട്ടിയെ മുൻപ് ചികിത്സക്ക് വിധേയനാക്കിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. മുൻപ് ചികിത്സ നൽകിയ ഡോക്ടറുടെ മൊഴി എടുക്കും.

സുന്നത്ത് കർമത്തിനെത്തിച്ച രണ്ട് മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ആരോ​ഗ്യവകുപ്പും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയി. വസ്തുത അന്വേഷണത്തിന് കോഴിക്കോട് ഡിഎംഒ നിർദേശം നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാർ കാക്കൂരിലെ ആശുപത്രിയിൽ എത്തി അന്വേഷണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കാക്കൂരിൽ സുന്നത്ത് കർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത്. ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള എമിൽ ആദം ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കാക്കൂർ പൊലീസാണ് കേസെടുത്തത്. ജൂൺ 6ന് രാവിലെയാണ് കുട്ടിയെ സുന്നത്ത് കർമത്തിനായി കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചത്.

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

SCROLL FOR NEXT