തിരുവനന്തപുരം: ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ കെപിസിസി കോർ കമ്മിറ്റി ആഹ്വാനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജനുവരി 4,5 തീയതികളില്‍ വയനാട്ടില്‍ വച്ച് മിഷന്‍ 2026 പരിപാടി സംഘടിപ്പിക്കാന്‍ കെപിസിസിയിൽ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിന്നതിൻ്റെ ഗുണം ലഭിച്ചു. അത് തുടരണം എന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് മിഷൻ 2026ന് രൂപം നൽകുന്നത്. നേതൃത്വവും ഭാരവാഹികളും ശിബിരത്തിൽ പങ്കെടുക്കും. അതേസമയം, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ എഐസിസിയുടെ ആഹ്വാനപ്രകാരം ഡിസംബർ 28ന് പഞ്ചായത്തുകളില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.