കൊച്ചി: സിപിഐഎമ്മിനെതിരെ കെപിസിസി ഡിജിറ്റൽ മീഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലൈംഗിക അപവാദ കഥകൾ രാഷ്ട്രീയ ആയുധമാക്കുന്ന ശീലമുള്ള പാർട്ടിയാണ് സിപിഐഎം എന്നാണ് വിമർശനം. സിപിഐഎം എംഎൽഎയെ കുറിച്ച് ഇപ്പോൾ ഉയർന്ന ആരോപണത്തിന്റെ പിന്നിൽ ആരെന്ന് അന്വേഷിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ലൈംഗിക അപവാദ കഥകൾ ഒരു രാഷ്ട്രീയ ആയുധം ആക്കി എതിർ പാർട്ടിക്കാർക്ക് നേരെയും സ്വന്തം പാർട്ടിയിലെ എതിരാളികളെയും ഒതുക്കാൻ ഉപയോഗിക്കുന്ന ശീലം ഉള്ള പാർട്ടിയാണ് സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറിയായിയുന്ന ഗോപി കോട്ടമുറിക്കലിനെ ഒതുക്കാൻ ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിക്യാമറ സ്ഥാപിച്ച ലൈംഗിക മനോരോഗികൾ ആയ നേതാക്കൾ ആണ് സിപിഎമ്മിൽ ഉള്ളത്.
അന്ന് ഗോപി കോട്ടമുറിക്കലിന് ഒരു സ്ത്രീയോട് ഉണ്ടായിരുന്ന സൗഹൃദത്തെയാണ് സിപിഎം നേതാക്കൾ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. സിപിഎം ദേശീയ നേതാവ് ആയിരുന്ന വരദരാജൻ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തതും പാർട്ടിക്ക് ഉള്ളിൽ നിന്നും ഉണ്ടാക്കി എടുത്ത ലൈംഗിക ആരോപണം കാരണമാണ്. കഴിഞ്ഞ തവണ എറണാകുളത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിക്കാൻ പല സിപിഎം നേതാക്കളും ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായി ഒരു വനിതാ സ്ഥാനാർഥി വന്നപ്പോൾ ആ സ്ഥാനാർഥിയെ കുറിച്ച് കഥകൾ പാടി നടന്നത് സിപിഎമ്മുകാർ തന്നെയാണ്.
കഴിഞ്ഞ ദിവസം പുറത്ത് ഒരാൾക്കും അറിയാത്ത ഒരു സിപിഎം എംഎൽഎ യെ കൂടെ ചേർത്തു കഥകൾ പരത്തി വിട്ടത് ആരാണ് എന്ന് അന്വേഷിക്കണം. അപവാദ കഥകൾക്ക് നാട്ടിൽ പെട്ടന്ന് പ്രചരണം കിട്ടും, അതിൽ എപ്പോഴും സ്ത്രീ തന്നെ ആയിരിക്കും വില്ലൻ റോളിൽ. എന്നാൽ മിനിഞ്ഞാന്ന് പുറത്ത് വന്ന കഥകൾക്ക് പിന്നിൽ സിപിഎം കേന്ദ്രങ്ങൾ ഉണ്ടോ എന്ന് അന്വേഷണം നടത്തേണ്ടതുണ്ട്. സ്വന്തം ജില്ല സെക്രട്ടറിയെ ഒതുക്കാൻ സിപിഎം നേതാക്കൾ ഇറക്കിയ ഒളിക്യാമറ കളികളെ കുറിച്ച് നിങ്ങൾക്കും കമന്റിൽ ചേർക്കാം.