KERALA

കെപിസിസി അന്വേഷണ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ്; പറഞ്ഞത് ഡല്‍ഹിയിലാണെന്ന്... പാലക്കാടെത്തി കെ.സി. വേണുഗോപാലിനെ കണ്ടു

ഏതൊരു വീട്ടിലും പാര്‍ട്ടിയിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും, അത് പറഞ്ഞാല്‍ തീരാവുന്നതേയുള്ളുവെന്നും രമ്യ

Author : ന്യൂസ് ഡെസ്ക്

ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എംഎല്‍എ. ഡൽഹിയിലായതിനാൽ മൊഴിയെടുക്കലിന് എത്താൻ കഴിയില്ലെന്ന് അറിയിച്ച രമ്യ ഇന്നലെ പാലക്കാട് എത്തി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറോടെയാണ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് രമ്യ എത്തിയത്. അവിടെവച്ചാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രി ടി. സിദ്ധിഖ് ഉള്‍പ്പെടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എംഎല്‍എ വാഹനം ഒഴിവാക്കിയതിനൊപ്പം, എപ്പോഴും കൂടെയുണ്ടാകാറുള്ള പാളയം പ്രദീപ് ഉള്‍പ്പെടെയുള്ളവരെയും ഒഴിവാക്കിയാണ് രമ്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ഡല്‍ഹിയില്‍ വൈകിട്ടോടെ എത്തുമെന്നായിരുന്നു രമ്യ ഇന്നലെ അറിയിച്ചിരുന്നത്. വൈകിട്ട് ഏഴരയ്ക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. കേരള ഹൗസില്‍ മുറിയും ബുക്ക് ചെയ്തിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിലേക്ക് വാഹനം അയച്ചിരുന്നു. ഒമ്പത് മണി വരെ അവിടെ കാത്തിരുന്നശേഷമാണ് കാര്‍ മടങ്ങിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കേരള ഹൗസിലുള്ള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടുകാണുന്നത് ഒഴിവാക്കാനാണ് രമ്യ ശ്രമിച്ചതെന്നാണ് സൂചന.

എന്നാല്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഡല്‍ഹിയില്‍ പോകാതിരുന്നതെന്നാണ് രമ്യയുടെ പ്രതികരണം. കെപിസിസി അന്വേഷണ സമിതിയോട് കള്ളം പറഞ്ഞിട്ടില്ല. പാലക്കാട് വന്നത് ഡിസിസി അധ്യക്ഷന്റെ മകളുടെ കല്യാണത്തിനാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ഏതൊരു വീട്ടിലും പാര്‍ട്ടിയിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായത്. അത് പറഞ്ഞാല്‍ തീരാവുന്നതേയുള്ളുവെന്നും രമ്യ പ്രതികരിച്ചു.

അതേസമയം, രമ്യ ഹരിദാസ് പാലക്കാട് എത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.രമ്യ പാലക്കാട് എത്തിയത് അറിയില്ല. ഹസനോട് പോയി ചോദിക്കൂ എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവർത്തിച്ചപ്പോൾ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്നും ന്യായീകരിച്ചു.

SCROLL FOR NEXT