കൊച്ചി: ഏതൊരു സംഘടനയെക്കുറിച്ചുമുള്ള പൂർണ വിവരങ്ങൾ ലഭിക്കാൻ ഒരാൾ ആദ്യം എത്തുക അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കായിരിക്കും. എന്നാൽ കെപിസിസിയുടെ വെബ്സൈറ്റിൻ്റെ അവസ്ഥ അൽപം പരിതാപമാണ്. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിയിട്ട് ആറ് മാസത്തോളമായെങ്കിലും കെപിസിസി ഔദ്യോഗിക വൈബ്സൈറ്റ് പരിശോധിച്ചാൽ, ഇപ്പോഴും അധ്യക്ഷൻ കെ. സുധാകരൻ എംപി തന്നെയാണ്. സൈറ്റിൻ്റെ കവർ പേജിലും പ്രതിപക്ഷ നേതാവിനൊപ്പമുള്ളത് കെ. സുധാകരൻ തന്നെ. സൈറ്റിൽ എവിടെയും പുതിയ അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പേര് പരാമർശിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ ഡിജിറ്റൽ മീഡിയ സെല്ലിൽ വരെ ആളുകൾ മാറി മാറി വന്നിട്ടും, സൈറ്റ് പുതുക്കാൻ ആരും മുതിർന്നിട്ടില്ല.
നാല് വർഷങ്ങൾക്ക് മുൻപ്, 2021 ജൂണിൽ കെ.സുധാകരൻ അധ്യക്ഷനായ സമയത്താണ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. 2025 മേയ് 8ന് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയതും കെ. സുധാകരൻ സ്ഥാനമൊഴിഞ്ഞതുമൊന്നും കെപിസിസി സൈറ്റ് അറിഞ്ഞിട്ടില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പോസ്റ്ററും സൈറ്റിൻ്റെ ആദ്യ പേജിലുണ്ട്.
അതേസമയം യൂത്ത് കോൺഗ്രസിൻ്റെ ദേശീയ നേതൃത്വം കൈകാര്യം ചെയ്യുന്ന വെബ്സൈറ്റ് പരിശോധിച്ചാൽ, കേരളത്തെ മഷിയിട്ട് നോക്കിയാലും കാണാൻ കിട്ടില്ല. കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കുറിച്ച് സൈറ്റിലെവിടെയും പരാമർശമില്ല. കേരളത്തിലെ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റിനെ കുറിച്ചോ നിലവിലെ പ്രസിഡന്റിനെ കുറിച്ചോ സൈറ്റിൽ യാതൊരു പരാമർശവുമില്ല. സോഷ്യൽ മീഡിയയിൽ സജീവമാകാനും ജെൻ സി മാധ്യമങ്ങളിൽ അധിക ശ്രദ്ധ ചെലുത്താനുമെല്ലാം കനഗോലു നിർദേശമെത്തിയിട്ടും, ഔദ്യോഗിക വെബ്സൈറ്റ് പുതുക്കാൻ പോലും ഡിജിറ്റൽ മീഡിയ സെല്ലിന് കഴിഞ്ഞിട്ടില്ല.