തിരുവനന്തപുരം: കലാച്ചി നോവലിനെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര. ജെൻസി ഭാഷയിൽ പറഞ്ഞാൽ താൻ എയറിൽ നിൽക്കുന്ന കാലമാണിതെന്ന് മീര പറഞ്ഞു. എറിയുന്ന കല്ലുകൾ പെറുക്കികൂട്ടി വേറൊരു കൊട്ടാരം പണിയും. ധാരാളം യാത്ര ചെയ്ത് ചിന്തിച്ച് ധൈര്യത്തോടെ വായനക്കാരുടെ മുന്നിൽ സമർപ്പിച്ച അധ്വാനത്തിൻ്റെ ഭാഗമാണ് കലാച്ചിയെന്നും മീര പറഞ്ഞു.
അനുകരണ വിവാദങ്ങളെ പറ്റി പറയുമ്പോൾ പുരുഷന്മാരുടെ പേരുകൾ പറയാറില്ലെന്നും ദീപയടി എന്ന പ്രയോഗം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. ഇതുവരെ എവിടെയും 'എംടിയടി', 'പുനത്തിലടി' എന്നൊന്നും കേട്ടിട്ടില്ല. പക്ഷെ നമ്മൾ 'ദീപയടി' എന്ന പ്രയോഗം കേട്ടു. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ചതിക്കപ്പെട്ടയാൾ ശിക്ഷിക്കപ്പെടുന്നു. ചതിച്ചയാളോട് ചോദ്യമില്ല. ജീവിതകാലം മുഴുവൻ ബാഡ്ജ് കുത്തി കൊടുത്തു. 'ദീപയടി'യെ 'മീരയടി' എന്ന് മാറ്റിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും മീര പറഞ്ഞു.
കെ.ആർ. മീരയുടെയും ഹരിതാ സാവിത്രിയുടെയും നോവലുകളിലെ സാമ്യത്തെ ചൊല്ലി സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ച നടക്കുന്നതിനിടെയാണ് മീരയുടെ പ്രതികരണം. 2022ൽ പുറത്തിറങ്ങിയ ഹരിതയുടെ സിന്നും 2025ൽ പുറത്തിറങ്ങിയ കലാച്ചിയും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയെന്നാണ് പ്രധാന ആരോപണം. ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിൽ ഹരിതാ സാവിത്രിയുടെ പ്രതികരണങ്ങൾ കൂടി വന്നതോടെയാണ് 'കലാച്ചി' വിവാദം കൊഴുത്തത്.