തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിൻ്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാത്രി വെന്നിയൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഉന്തിലും തള്ളിലും ഗേറ്റ് തകർന്നുവീണു.
തിരൂരങ്ങാടി പാടത്ത് വൈദ്യുത പോസ്റ്റിൻ്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് ജുനൈദ് മരിച്ച സംഭവത്തിൽ കെഎസ്ഇബി മാപ്പ് പറഞ്ഞു. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കെ.എസ്.ഇ.ബി അറിയിച്ചു.
അപകടമുണ്ടാകാനുണ്ടായ സാഹചര്യം തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകും. എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ എസ് ഇ ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും.
അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും.
ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കെ എസ് ഇ ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു.