മരിച്ച ഫാത്തിമ Source: News Malayalam 24x7
KERALA

കൊയിലാണ്ടിയിൽ ഷോക്കേറ്റുള്ള വീട്ടമ്മയുടെ മരണം: വാക്കാലോ രേഖാമൂലമോ പരാതി ലഭിച്ചിട്ടില്ല, അപകടം യാദൃച്ഛികമെന്ന് കെഎസ്ഇബി

രേഖാ മൂലമുള്ള പരാതി ആർക്കും ലഭിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലറും പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ മരം വീണ് പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ വിശദീകരണവിമായി കെഎസ്ഇബി. കെഎസ്ഇബിയ്ക്ക് ഇതുവരെ വാക്കാലോ രേഖാമൂലമോ ഒരു പരാതിയും ലഭിച്ചിട്ടില്ല. അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി ഒഴിവാക്കുന്ന നടപടികൾ കെഎസ്ഇബി സ്വീകരിക്കാറുണ്ട്. വലിയ മരമാണ് വീണത്. അപകടം യാദൃച്ഛിമാണെന്നും കൊയിലാണ്ടി കെഎസ്ഇബി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സൈക്യൂറ്റീവ് എഞ്ചിനീയർ പറഞ്ഞു.

രേഖാ മൂലമുള്ള പരാതി ആർക്കും ലഭിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലറും പ്രതികരിച്ചു. ഏറെ ദാരുണമായ സംഭവമാണ് നടന്നത്. പരാതി കെഎസ്ഇബിയ്ക്ക് നൽകി എന്നാണ് കുടുംബം പറയുന്നത്. എന്നാൽ പരാതി ആർക്കും ലഭിച്ചിട്ടില്ല. വിഷയം നേരത്തെ ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഇടപെടുമായിരുന്നുവെന്നും വാർഡ് കൗൺസിലർ പറഞ്ഞു.

അതേസമയം, ഷോക്കേറ്റുള്ള വീട്ടമ്മയുടെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി കെഎസ്ഇബി ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു.

മരം വീണ് പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. വീടിന് പുറകിലെ മരം വീണാണ് ലൈൻ പൊട്ടിയത്. വീടിന് മുകളിലൂടെയാണ് കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ കടന്നുപോകുന്നത്. മരം മുറിച്ചുമാറ്റണമെന്ന് അയൽവാസികളോടും വീടിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റാൻ കെഎസ്ഇബിയ്ക്കും പരാതി നൽകിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെ കെഎസ്ഇബിയ്ക്ക് വാക്കാൽ പരാതി നൽകിയിരുന്നുവെന്നും വിഷയത്തിൽ നടപടി ഉണ്ടായിരുന്നില്ലെന്നും അയൽവാസിയും പറയുന്നു.

SCROLL FOR NEXT