KERALA

32 കോടി രൂപയുടെ കുടിശ്ശിക! കളമശ്ശേരി എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി വിച്ഛേദിച്ചതോടെ കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കളമശ്ശേരിയിലെ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ദീർഘകാലത്തെ കുടിശ്ശിക അടയ്‌ക്കാത്തതിനെത്തുടർന്നാണ് കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 32 കോടിയുടെ കുടിശ്ശികയാണ് കമ്പനി അടയ്ക്കാനുള്ളത്. ഡിസംബർ എട്ടിന് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് എച്ച്‌എംടി മാനേജ്മെന്റ്‌ ഗൗരവത്തിലെടുക്കാത്തതാണ് വൈദ്യുതി വിച്ഛേദിക്കുന്നതിലേക്ക് എത്തിയത്. നോട്ടീസ് ലഭിച്ച കാര്യം ട്രേഡ് യൂണിയനുകളെപ്പോലും മാനേജ്മെന്റ്‌ അറിയിച്ചിരുന്നില്ല.

വൈദ്യുതി വിച്ഛേദിച്ചതോടെ കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. എച്ച്എംടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സമയത്താണ് കെഎസ്ഇബിയുടെ നടപടി. ക്വാർട്ടേഴ്സുകളിലേക്കുള്ള വൈദ്യുതിയേയും കുടിവെള്ളവിതരണത്തേയും ഇത് ബാധിക്കും. ​സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്നുമാസമായി ശമ്പളം മുടങ്ങിയ കമ്പനിക്ക് വൈദ്യുതി വിച്ഛേദിച്ചത് കനത്ത പ്രഹരമായി. ഇനി കെഎസ്‌ഇബിയുമായി ധാരണയിലെത്തിയാലേ പ്രശ്നം പരിഹരിക്കാനാകൂ.

2007-2008 കാലത്ത് കമ്പനിയുടെ വൈദ്യുതി കുടിശ്ശിക 14 കോടിയായിരുന്നു. അന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 10 കോടി രൂപ അടച്ചാൽ മതിയെന്ന്‌ ധാരണയായി. അതോടൊപ്പം എച്ച്‌എംടിയുടെ വിൽപ്പനാവകാശമുള്ള അഞ്ചേക്കർ ഭൂമി കെഎസ്ഇബി ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ എട്ടുകോടി രൂപയാണ് കമ്പനി കുടിശ്ശികയിലേക്ക് അടച്ചത്. വിവിധ കാരണങ്ങളാൽ ഭൂമികൈമാറ്റം നടന്നുമില്ല. ഇതോടെ ഒറ്റത്തവണ തീർപ്പാക്കൽ ധാരണ അസാധുവായി. 14 കോടി രൂപ കുടിശ്ശികയിൽ ആറുകോടി അടയ്‌ക്കാൻ ബാക്കിയായി. കെഎസ്ഇബിയുടെ 2024ലെ കണക്കനുസരിച്ച് 9.75 കോടി രൂപ മുതലും 20.45 കോടി രൂപ പലിശയുമാണ്. നിലവിലെ കുടിശ്ശിക 30.20 കോടിയാണ്. ഇത്രയും വലിയ കുടിശ്ശിക വരില്ലെന്ന നിലപാടിലാണ് കമ്പനി മാനേജ്മെന്റ്‌.

SCROLL FOR NEXT