KERALA

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; തീരുമാനം കെഎസ്ഇബി ഉന്നതതല യോഗത്തിൽ

30 മിനിറ്റിൽ താഴെ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസവും കെഎസ്ഇബി അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം. വൈകിട്ട് ആറ് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ അര മണിക്കൂറിൽ താഴെയാകും നിയന്ത്രണം. സ്ഥിതിഗതികൾ ഓരോ ദിവസവും ഉന്നതതല സംഘം വിലയിരുത്തും. വൈദ്യുതി ഉപഭോഗം റെക്കോർഡ് കടന്ന സാഹചര്യത്തിലാണ് കോർ കമ്മിറ്റിയിലെ തീരുമാനം.

15 മിനിറ്റ് മുതൽ 30 വരെ മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. വൈകിട്ട് ആറ് മണി മുതലുള്ള സമയങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം സാധ്യമാകുന്നതുപോലെ ഉപഭോക്താക്കളെ അറിയിക്കുമെന്നും പരിധിക്ക് മുകളിൽ വൈദ്യുതി ഉപയോഗമുണ്ടായാലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ക്രമീകരണമെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.

മുൻകൂട്ടി അറിയിക്കാതെയുള്ള നിയന്ത്രണം രാത്രി സമയങ്ങളിൽ ജനങ്ങളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ വൈദ്യുതി ഉപഭോഗം പരിധിവിട്ടാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുള്ള ക്രമീകരണം എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

പ്രാദേശികമായി ഓരോ മേഖലകളിലാണ് പല സമയങ്ങളിലായി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഓവർലോഡ് ആകുന്ന സമയം മുൻകൂട്ടി കാണാൻ കഴിയില്ലെങ്കിലും സാധ്യമാകുന്ന നേരങ്ങളിൽ ഉപഭോക്താക്കൾക്ക് സന്ദേശം നൽകാനാണ് തീരുമാനം. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് സന്ദേശം അയക്കുക.

അതേസമയം, വൈദ്യുതി ക്ഷാമം രൂക്ഷമാവുന്നതിനിടെ അധിക വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയിരുന്നു. യൂണിറ്റിന് പരമാവധി പത്ത് രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വരെ വാങ്ങാനാണ് അനുമതി ലഭിച്ചത്. വേനൽക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെഎസ്ഇബി സമർപ്പിച്ച അപേക്ഷയിലാണ് നിർദേശം. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

മെയ്‌ 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരക്കുകയാണ്. കഴിഞ്ഞ 18ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് പെറ്റീഷൻ നല്‍കിയത്. കഴിഞ്ഞ 24ന് കമീഷന് ഹിയറിങ് നടത്തിയെങ്കിലും പെറ്റീഷൻ പൂര്‍ണമല്ലാത്തതിനാൽ പുതുക്കി നല്‍കാൻ നിർദേശിക്കുകയായിരുന്നു.

SCROLL FOR NEXT