കണ്ണൂർ: ബാരാപോൾ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ കെഎസ്ഇബിക്ക് പ്രതിദിന നഷ്ടം 14.4 ലക്ഷം രൂപ. കനാലിൽ രൂപപ്പെട്ട വിള്ളൽ കാരണം ജൂൺ 26 നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. മഴക്കാലത്ത് മാത്രം ഉത്പാദനം നടത്താൻ സാധിക്കുന്ന പദ്ധതി പുനഃരാരംഭിക്കാൻ ശ്രമങ്ങൾ ഇല്ലാത്തതോടെ ഈ സീസണിൽ 25 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
കേരള-കർണാടക അതിർത്തിയിൽ ബാരാപോൾ പുഴയ്ക്ക് കുറുകെ ട്രെഞ്ച് വിയർ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ബാരാപോൾ. ഡാമില്ലാതെ പുഴയുടെ അടിത്തട്ടിൽ ചാലുണ്ടാക്കിയുള്ള രീതിയായതിനാൽ പാരിസ്ഥിതിക വെല്ലുവിളിയില്ലാത്ത പദ്ധതിയെന്നത് മറ്റൊരു സവിശേഷതയാണ്. 10 പൈസ ചിലവിൽ വൈദ്യുതി ഉത്പാദനം നടത്താനാവുന്ന പദ്ധതി കെഎസ്ഇബിയുടെ മുതൽക്കൂട്ടാണ്.
എന്നാൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിദിനം 14.4 ലക്ഷം രൂപയുടെ നഷ്ടമാണ് ബാരാപോളിൽ ഇപ്പോഴുണ്ടാകുന്നത്. നിർമാണസമയം മുതലുള്ള അശ്രദ്ധ ഇപ്പോഴും തുടരുന്നതിന്റെ ഫലം കൂടിയാണ് ഈ നഷ്ടം. ജൂൺ 26ന് അനുബന്ധ കനാലിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഉത്പാദനം പൂർണ്ണമായും നിർത്തുകയായിരുന്നു.അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് ബാരാപോളിലുള്ളത്. ഒരു ജനറേറ്റർ 24 മണിക്കൂറും പ്രവർത്തിച്ചാൽ 1.2 ലക്ഷം യൂണിറ്റ് ഉത്പാദനം സാധ്യമാകും. ഈ കണക്കിൽ ശരാശരി 4 രൂപ നിരക്കിൽ 14.4 ലക്ഷം രൂപയുടെ ഉത്പാദനം നടക്കേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയിൽ നിശ്ചലമായി കിടക്കുന്നത്.
മഴക്കാലത്ത് മാത്രമാണ് ബാരാപോളിൽ വൈദ്യുതി ഉത്പാദനം. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് ഉൽപാദന ശേഷിയുള്ളിടത്ത് പക്ഷേ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ അഞ്ച് വർഷവും അധിക ഉത്പാദനം നടന്നു. 2017 ൽ 40.5 ദശലക്ഷം യൂണിറ്റ്, 2021 ൽ 49.83 ദശ ലക്ഷം യൂണിറ്റ്, 2022 ലും 24 ലും 43 ദശലക്ഷത്തിലേറെ യൂണിറ്റ് എന്നിങ്ങനെയായിരുന്നു ഉത്പാദനം. പ്രതീക്ഷിച്ചതിലും ലാഭം നൽകുന്ന പദ്ധതിയെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം. എന്നാൽ വിള്ളൽ രൂപപ്പെട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിച്ച് ഉത്പാദനം തുടങ്ങാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കനാലിന് പകരം പൈപ്പുകൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുന്നതിന്റെ സാധ്യത പരിശോധിച്ചിരുന്നെങ്കിലും അപ്രായോഗികമെന്ന് കണ്ടെത്തിയതായാണ് സൂചന. വിള്ളൽ ശാശ്വതമായി പരിഹരിക്കാതെ പ്രവർത്തനം തുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാട് നാട്ടുകാർ സ്വീകരിച്ചതും പ്രതിസന്ധിയാണ്. തുടക്കം മുതൽ തന്നെ കനാലിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ രണ്ട് കോടിയോളം രൂപ ചിലവഴിച്ചിരുന്നു. പ്രവർത്തനം നിലച്ചതോടെ ഈ സീസണിൽ ആകെ നഷ്ടം 25 കോടി രൂപയോളം വരുമെന്നാണ് കണക്കുകൂട്ടൽ.
വരുന്ന സീസണിൽ പ്രവർത്തനം നടക്കുമെന്നതിലും നിലവിൽ ഉറപ്പില്ല. പീക്ക് സമയങ്ങളിൽ വൻ വില നൽകി വൈദ്യുതി വാങ്ങാൻ നിർബന്ധിതരാകുന്ന കെഎസ്ഇബിയാണ് മനസുവെച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തെ പരിഗണിക്കാതിരിക്കുന്നത്. മന്ത്രിയും ഉദ്യോഗസ്ഥരുമെല്ലാം സ്ഥലം സന്ദർശിച്ചെങ്കിലും നടപടികൾ മാത്രം ഉണ്ടായിട്ടില്ല. സോയിൽ പൈപ്പിങ് വഴി ഇനിയും വിള്ളലുണ്ടായാൽ കനാൽ കരയിൽ താമസിക്കുന്നവർക്ക് ഭീഷണിയാണെന്ന ആശങ്കയാണ് പ്രദേശവാസികൾക്ക്.